കോതമംഗലം : ശാസ്ത്ര-സാങ്കേതികരംഗത്തും കലാരംഗത്തും അനേകം പ്രതിഭകളെ ലോകത്തിനു സംഭാവനചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ.എം.പി. വർഗീസിന്റെ
102-ാമത് ജന്മവാർഷികം പ്രൗഢോജ്വലമായി ആഘോഷിച്ചു.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എം. എ. കോളേജ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മത്യൂസ് മാർ അപ്രേം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി രജിസ്ട്രാർ,ഡീൻ & ഔട്ട്സ്റ്റാൻ്റിംഗ് പ്രൊഫസർ ഡോ. കുരുവിള ജോസഫ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. എം. എ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ലീന ജോർജ്ജ്, എം. എ. എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്ക്, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച ധിഷണാശാലി പ്രൊഫ എം.പി. വർഗീസിൻ്റെ വിദ്യാഭ്യാസരംഗത്തെ സംഭാവനകൾ പുതിയ തലമുറയ്ക്ക് മാതൃകയാവണമെന്ന് ഡോ. വിന്നി വർഗീസ് ഉദ്ബോധിപ്പിച്ചു. ലോകത്തിൻ്റെ പല ഭാഗങ്ങളിലുള്ള പ്രതിഭകളും നന്ദിയോടെ അനുസ്മരിക്കുന്ന പ്രൊഫ എം.പി വർഗീസിൻ്റെ പ്രവർത്തന മികവ് അവകാശപ്പെടാനാവുന്ന മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾക്ക്
പുതിയ കാലത്തിൻ്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയും എന്ന് പ്രൊഫ. കുരുവിള ജോസഫ് അഭിപ്രായപ്പെട്ടു.
കോളേജ് അസോസ്സിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ് ), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ് ), മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂൾ , മാർ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ.എം.പി.വർഗീസ് കോളേജ് അധ്യാപകനായും പ്രിൻസിപ്പലായും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സാരഥിയായും നൽകിയ സംഭാവനകൾ നിസ്തുലമാണ്. കൂടാതെ പരിസ്ഥിതി പ്രവർത്തകൻ, കാർഷികവിദഗ്ധൻ,നിയമപണ്ഡിതൻ, സംഘാടകൻ, ഗ്രന്ഥകർത്താവ്, എംഎൽഎ, ധനതത്വവിദഗ്ധൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. എം.പി. വർഗീസ് ഒക്സ്ഫോഡിലെ സർ റോയ് ഹാരോഡിന്റെ കീഴിലാണ് ധനതത്വശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയത്.ധനതത്വശാസ്ത്രസംബന്ധിയായ വിഷയങ്ങൾക്കു പുറമേ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലും ആധികാരിക പഠന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. എ ക്രിട്ടിസിസം ഓഫ് കെയ്ൻസ് ജെനറൽ തിയറി (2001), ദ തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത് (2000), എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം (1999), ദ ലോ ഓഫ് ലാന്റ് അക്വിസിഷൻ ആന്റ് കോംപൻസേഷൻ – എ ക്രിട്ടിസിസം (1999) എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യ പൂർണ്ണമായ കർമ്മമേഖല വെളിപ്പെടുത്തുന്ന രചനകളാണ്.
അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിൻ്റെ 100-ാം ജന്മദിന ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് പ്രത്യേക കവർ പുറത്തിറക്കിയിരുന്നു. പ്രൊഫ. എം.പി വർഗീസിന്റെ 100-ാം ജന്മവാർഷികം മുതൽ ആഗോളതലത്തിൽ പ്രശസ്തനായ ഒരു വ്യക്തിക്ക് എം.പി വർഗീസ് അവാർഡ് നൽകിവരുന്നു.