കോതമംഗലം: നേര്യമംഗലം വനമേഖലയിൽ നിന്നുള്ള കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം തേടി ആദിവാസികൾ ദേശീയപാത ഉപരോധിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ആദിവാസി സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ കൊച്ചി – ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.ദേശീയപാതയുടെ ഭാഗമായ കാവേരിപ്പടിയിൽ ഇന്നലെ രാവിലെ സമരം നടന്നത്.നേര്യമംഗലത്തിനും വാളറക്കും ഇടയിലുള്ള അഞ്ചാംമൈൽ കുളമാംകുഴി , പാട്ടയിടമ്പ് കുടി, ജനറൽ മേഖലയായ കമ്പി ലൈൻ എന്നിവിടങ്ങളിലെ ജനങ്ങളാണ് ദേശീയപാത ഉപരോധത്തിന് എത്തിയത് മാസങ്ങളായി ആദിവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇവരുടെ കൃഷി വിളകൾ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു.
പലതവണ അപേക്ഷയുമായി വനപാലകരെ സമീപിച്ചെങ്കിലും
ഇവരിൽനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച ആദിവാസികൾ ദേശീയപാത ഉപരോധിച്ചത്. കുളമാംകുഴി പാട്ടയിടമ്പ് കുടി എന്നിവിടങ്ങളിലായി കഴിഞ്ഞ നാലു വർഷത്തിനിടെ ആറുപേർ കാട്ടാനയുടെ അക്രമത്തിൽ മരിച്ചിട്ടുണ്ട്. ഇവർക്ക് യാതൊരു നഷ്ടപരിഹാരവും നൽകുന്നതിന് വനം വകുപ്പും സർക്കാരും ഇതുവരെ തയ്യാറായിട്ടില്ല. ആദിവാസികളുടെ നേതൃത്വത്തിലാ യിരുന്നു ദേശീയപാതയുടെ ഉപരോധം. രാഷ്ട്രീയപാർട്ടികളെ ഒഴിവാക്കിയിരുന്നുവെങ്കിലും ഒടുവിൽ പ്രാദേശിക നേതാക്കൾ ആദിവാസികളുടെ സമരത്തിന് പിന്തുണയുമായി എത്തിയത് ശ്രദ്ധേയമായി. ആദിവാസികൾ നടത്തിയ ഉപരോധ സമരം അടിമാലി പഞ്ചായത്ത് അംഗം ദീപാ രാജീവ് ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.പി കെ തമ്പി, പി നാണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു