കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ റിസേർച്ച് കമ്മിറ്റി, ഐ ക്യു എ സി എന്നിവയുടെ സഹകരണത്തോടെ റിസേർച്ച് സ്കോളേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം എം. ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് അനസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.കോളേജിലെ വിവിധ ഗവേഷക വിഭാഗങ്ങളിൽ ഗവേഷണം നടത്തുന്ന പഠിതാക്കൾ സംഗമത്തിൽ പങ്കെടുത്തു.
ഗവേഷണ രീതിശാസ്ത്രത്തെക്കുറി ച്ചും, ഒരു ഗവേഷണ വിദ്യാർത്ഥി അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമെല്ലാം രസകരമായ രീതിയിൽ ഡോ. അനസ് വിശദീകരിച്ചു. പുതുതായി ഗവേഷണത്തിലേക്ക് കാൽ വെക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അദ്ദേഹം തന്റെ ക്ലാസ്സിലൂടെ അവതരിപ്പിച്ചു .മികച്ച റിസേർച്ച് സ്കോളറിനുള്ള പുരസ്‌കാരം എം. എ. കോളേജ് ഗണിത ശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർത്ഥിയും,ഇടുക്കി മുരിക്കാശ്ശേരി പാവനാത്മ കോളേജ് അസ്സി. പ്രൊഫസറുമായ ബോബിൻ ജോർജിന് സമ്മാനിച്ചു. എം. എ. കോളേജിൽ 5 ഗവേഷക വിഭാഗങ്ങളിലായി 37ൽ പരം ഗവേഷണ പഠിതാക്കളാണുള്ളത്. അഡ്മിനിസ്ട്രേറ്റീവ് ഡീൻ. ഡോ. സ്മിത തങ്കച്ചൻ, കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. റിസേർച്ച് ഡീൻ ഡോ. രാജേഷ് കെ തുമ്പക്കര നേതൃത്വം കൊടുത്തു.