കോതമംഗലം :എം.എ കോളേജിലെ രണ്ടാം വർഷ സുവോളജി ബിരുദവിദ്യാർത്ഥി മുഹമ്മദ് അൽത്താഫിൻ്റെ വിജയങ്ങൾ ഓരോന്നും ശാരീരിക വിഷമതകൾക്കുമേൽ ആത്മവിശ്വാസത്തിൻ്റെ കൈക്കരുത്ത് തെളിയിച്ചവയാണ്. മലപ്പുറം ജില്ലയിലെ കരുളായി മുല്ലപ്പള്ളി എന്ന ഗ്രാമത്തിൽനിന്ന് ബിരുദപഠനത്തിനായ് കോതമംഗലത്ത് എത്തിയ തനിക്ക് സ്പോർട്സിന് ഏറെ പ്രാധാന്യം നൽകുന്ന മാർ അത്തനേഷ്യസ് കോളേജ് വലിയ പ്രോത്സാഹനമാണ് നൽകിയത് എന്ന് അൽത്താഫ് പറയുന്നു. ആം റസ്ലിങിൽ ചെറുപ്പം മുതൽ തന്നെ താല്പര്യമുള്ള മുഹമ്മദ് അൽത്താഫ് മത്സരത്തിനു പോകുമ്പോൾ നഷ്ടമാകുന്ന പഠനസമയം വീണ്ടെടുക്കാൻ അധ്യാപകരും സഹായിച്ചു. ഈ വർഷം തന്നെ പാലാ സെൻ്റ് തോമസ് കോളേജിൽവച്ചുനടന്ന കേരളസംസ്ഥാന ആം റസ്ലിങ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയതോടെ ഏറെ പ്രതീക്ഷയുമായി നാഗ്പൂരിൽ നടന്ന ദേശീയ പാരാ ആം റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് അൽത്താഫ് പങ്കെടുത്തു. അവിടെയും മുഹമ്മദ് അൽത്താഫിനെ കാത്തിരുന്നത് സ്വർണ്ണമെഡൽ തന്നെയായിരുന്നു.
ഏറെ വൈകാതെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം. സർവ്വകലാശാലതലത്തിൽ പാരാ ആം റസ്ലിങിന് മറ്റു കായിക ഇനങ്ങൾക്കുള്ളതുപോലെ പരിശീലനപരിപാടികളോ മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ ഇച്ഛാശക്തിയും ആത്മവിശ്വാസവും നിരന്തര പരിശ്രമവുംകൊണ്ടു മുഹമ്മദ് അൽത്താഫ് നേടിയ വിജയങ്ങൾക്കെല്ലാം പത്തര മാറ്റിൻ്റെ തിളക്കം കൂടിയേതീരൂ. ദക്ഷിണ ആഫ്രിക്കയിലെ രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ 3.5 ലക്ഷം രൂപ കണ്ടെത്തണമെന്നത് ഒഴിച്ചാൽ മറ്റ് ആശങ്കകൾ ഒന്നും ഇല്ലെന്നും സംസ്ഥാന, ദേശീയ മത്സരങ്ങളിലെ രണ്ടു വിജയങ്ങൾ തന്ന ആത്മവിശ്വാസത്തിൽ അൽത്താഫ് പറയുന്നു. സ്വർണ്ണ മെഡലുകളുടെ നേട്ടവുമായി
ബിരുദപഠനം പൂർത്തിയാക്കിയാൽ വേഗം തൊഴിൽ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ വിദ്യാർത്ഥി. അതുകൊണ്ടുതന്നെ മാതാപിതാക്കളും ഇളയ സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം വലിയ പ്രതീക്ഷയിലാണ് സ്പോൺസർമാരെ തേടുന്നത്.