കോതമംഗലം : കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം 30 അംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം, കള്ളാട് സാറാമ്മ ഏലിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ സ്വീകരിച്ച അന്വേഷണ നടപടികളെ കുറിച്ചും,നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായിട്ടാണ് 30 അംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്.മരണപ്പെട്ട സാറാമ്മയുടെ അടുത്ത ബന്ധുക്കളുടെയും സമീപവാസികളുടേയും അടക്കമുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയും, സാറാമ്മയുടെ വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ആള്‍ക്കാരെ നിരീക്ഷിച്ചും അവരുടെ താമസ സ്ഥലങ്ങള്‍ പരിശോധന നടത്തിയും ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയിട്ടുണ്ട്.
കൂടാതെ ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി CCTV ക്യാമറകള്‍ പരിശോധിച്ചും സംഭവസമയത്തെ മൊബൈൽ ഫോണുകളുടെ CDR കളും ലൊക്കേഷനുകളും പരിശോധിച്ചും പ്രതികള്‍ക്കു വേണ്ടിയുള്ള വിശദമായ അന്വേഷണം മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 30 അംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി നിയസഭയിൽ അറിയിച്ചു.