കോതമംഗലം: നിയോജകമണ്ഡലത്തിലെ നീണ്ടപാറ, ചെന്പൻകുഴി പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കാഞ്ഞിരവേലി, മുള്ളരിങ്ങാട് വനമേഖലയിൽനിന്ന് കാട്ടാനക്കൂട്ടം നീണ്ടപാറ ചെന്പൻകുഴി പ്രദേശങ്ങളിലെ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും തന്പടിച്ചിരിക്കുകയാണ് നാട്ടുകാർ പറഞ്ഞു. ഏക്കറുകണക്കിന് സ്ഥലത്തെ വാഴ കൃഷിയും കമുക്, റബർ, തെങ്ങ്, പൈനാപ്പിൾ കൃഷികളുമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ പ്രദേശങ്ങളിലെ കർഷകർക്ക് ഉണ്ടായിട്ടുള്ളത്.
നേര്യമംഗലം ഭാഗത്ത് ആർആർടി ടീമിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് എത്താറില്ലെന്നും നാട്ടുകാർ പറയുന്നു. വാഹന സൗകര്യമില്ലെന്ന കാരണമാണ് ആർആർടി ടീമും വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. നീണ്ടപാറ, ചെന്പൻകുഴി പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്കൂളിൽ പോകുന്നതും വൈകിട്ട് തിരികെ എത്തുന്നതും ഭീതിയിലാണ്. കർഷകർക്ക് കൃഷി ഭൂമിയിൽ പണിയെടുക്കുവാനും പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യമാണുള്ളത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനും വനം വകുപ്പും അധികാരികളും തയാറാകണമെന്നും കൃഷി നാശം സംഭവിച്ച സ്ഥലവും കർഷകരെയും സന്ദർശിച്ച ശേഷം ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. |
