കോതമംഗലം : ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്ര വിജയം നേടി നാടിന് അഭിമാനമായി മാറിയ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളും പി ടി എ യും ചേര്‍ന്ന് അനുമോദിച്ചു.
നൂറ് ശതമാനം വിജയം നേടിയതോടൊപ്പം ചരിത്രത്തില്‍ ആദ്യമായി പരീക്ഷ എഴുതിയതില്‍ 39 % കുട്ടികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 14 കുട്ടികള്‍ ഇത്തവണ ഫുള്‍ എ പ്ലസ് നേടി എന്നതും ശ്രദ്ധേയമായി. തികച്ചും ഗ്രാമീണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളില്‍ സാധാരണക്കാരുടെ മക്കളാണ് ഈ നേട്ടം കൈവരിച്ചത് എന്നുള്ളതും പ്രശംസനീയമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളാണിത്. മിന്നും വിജയം നേടിയ കുട്ടികളും അതിന് വേണ്ടി കഠിന പ്രയത്‌നം ചെയ്ത് കൂടെ നിന്ന അധ്യാപകരും മാതൃകാപരമായ നേട്ടമാണ് കൈവരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു . പി ടി എ പ്രസിഡന്റ് സിന്ധു പ്രവിണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി എസ് ലക്ഷ്മി ,വാര്‍ഡ് മെമ്പര്‍ ശോഭ രാധാകൃഷ്ണന്‍, അഡ്വ: രാജേഷ് രാജന്‍, ഹേമ ജി കര്‍ത്ത, ടി എസ് ഗ്രീഷ്മ, ഗീതു ഗോപിനാഥ്, തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.