കോതമംഗലം: ദേശീയപാത കടന്നു പോകുന്ന കോതമംഗലം ടൗണില്‍ കോഴിപ്പിള്ളി കവലയിലും സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപവും സ്ലാബ് തകര്‍ന്ന ഓടകള്‍ കാല്‍നട യാത്രികരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വയോധികരുള്‍പ്പെടെയുള്ളവര്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവാണ്. സ്ലാബ് തകര്‍ന്നിട്ട് നാളുകളായിട്ടും പുതിയത് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
മഴ കനക്കുന്നതോടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഇവിടെ കുന്നുകൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്‌കൂള്‍ തുറക്കുന്നതോടെ ഇതുവഴി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് നടന്നു പോകുന്നത്. മഴ ശക്തി പ്രാപിക്കുന്നതിനും സ്‌കൂള്‍ തുറക്കുന്നതിനും മുന്‌പേ ടൗണിലെ ഓടകള്‍ ശുചീകരിക്കുകയും തകര്‍ന്ന സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.