Connect with us

Hi, what are you looking for?

NEWS

മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ താരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കോതമംഗലം സ്വദേശി മനോജ് ഗോപി

കോതമംഗലം: മോഹൻലാലിന്റെ 64 ജന്മദിനമാണ്‌ 21/05/2024 ഇന്ന് ചൊവ്വാഴ്ച. ഒരുപാട് ഫീച്ചറുകളും അനുഭവങ്ങളും ആണ്‌ അദ്ദേഹത്തേപറ്റി വരുന്നത്. എന്നാൽ ഇന്നു വരെ അറിയാത്ത മോഹൻലാലിന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതൽ ഉള്ള ചരിത്രം എഴുതുകയാണ്‌ നടന്റെ ആരാധകനും സുഹൃത്തും, എറണാകുളം ജില്ലാ ഫാൻസ് അസോസിയേഷൻ മുൻ പ്രസിഡന്റും കൂടിയായ കോതമംഗലം സ്വദേശി മനോജ് ഗോപി. കൂടാതെ ലൊക്കേഷനുകളിലും മനോജ് ഗോപി ഒരു കാലത്ത് സ്ഥിര സാന്നിദ്ധ്യമായിരുന്നു. പലപ്പോഴും മനോജ് ഗോപി തന്നെ ഇനി നമ്മോട് മോഹൻലാലിന്റെ കുട്ടിക്കാലം മുതലുള്ള ചരിത്രം പറയുന്നു.

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനും ഗായകനും നിര്‍മാതാവുമാണ്‌ മോഹൻലാൽ.മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാര്‍ത്ഥ പേര്‌.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.

മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.

മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു.ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു.

മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു.ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി.1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി.

 

മോഹൻലാലിന് ഇന്ന് അറുപത്തിനാലാം ജന്മദിനം :
മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു.ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തതു പ്രശസ്ത സം‌വിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്.ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്.ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്.ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

 

ലക്ഷം പേർ പങ്കെടുക്കുന്ന സമ്മേളനത്തേക്കാളും, വി.ഐ.പികൾക്ക് ഒപ്പം ചിലവിടുന്നതിലും ഇഷ്ടം ആരാധകരുടെ ചെറിയ ജീവിത വിശേഷങ്ങളാണ്‌ എനിക്ക് വലുത് എന്ന് പറഞ്ഞ ലാലേട്ടൻ എന്നോട് ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൻ വച്ച് അനുജൻ സുരേഷിൻ്റെ വിവാഹം ക്ഷണിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും മറക്കാനാവാത്തതെന്ന് മനോജ് ഗോപി ഓർത്തെടുത്ത് പറയുന്നു. മാത്രമല്ല കവളങ്ങാട് ഒ എൽ. എം സി . എൽ. പി. സ്ക്കൂളിൽ നടന്ന ചെറിയ വിവാഹ സൽക്കാര ചടങ്ങിൽ അന്നേ ദിവസം സ്ഥലത്തില്ലാതിരുന്ന ലാലേട്ടൻ സാക്ഷാൽ ആൻ്റണി പെരുമ്പാവൂർ സാറിനേയും കുടുംബത്തേയും പങ്കെടുപ്പിച്ചതും ഉരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണെന്നും മനോജ് ഗോപി പറയുന്നു.
മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986.ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി.പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു.ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സം‌വിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു.

ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്.വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്.

വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.രചന – സംവിധാന ജോഡിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ.

1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.ഒരു ശാസ്ത്രീയ സംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയ കാരണം വീടുവിട്ടു പോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.

രചന- സംവിധാന ജോഡിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹിക പ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായക വേഷങ്ങളിൽ അഭിനയിച്ചു.

മോഹൻലാൽ- ആൻ്റ്ണി പെരുമ്പാവൂർ കൂട്ട് കെട്ട് :
ഒരു ജന്മദിനം വികാര നിർഭരമാകുമ്പോൾ, ജീവിത സഹചാരിയായ ആന്റണി പെരുമ്പാവൂർ കൊടുക്കുന്ന ഹഗിങ്ങ്
മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി.

ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു.പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക. 1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു.മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട് അമൃതം‌ ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.

1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി.90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു.കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്.1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരി ആയിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു.

ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു.ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള അവാർഡ് ലഭിച്ചു.

2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ‌ലാലാണ്.എന്നാൽ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു.മോഹൻലാലും വിമർശിക്കപ്പെട്ടു.2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ‍ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു.ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം.തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ അഭിനയിച്ചു.

ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു.പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്.പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി.തുടർന്ന് 2009-ൽ മക്സ്ലബ് എന്റർ‍ടൈൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണ കമ്പനി ആരംഭിച്ചു.ഇതിൽ ആന്റണി പെരുമ്പാവൂരും, വ്യവസായിയായ കെ.സി. ബാബുവും, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ. മാധവനുമാണ് പങ്കാളികൾ.

മോഹൻലാലിന്റെ ചലച്ചിത്ര സംബന്ധിയായ മറ്റൊരു സ്ഥാപനമാണ്‌ തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ. മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ്.മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു.

നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു.മോഹൻലാൽ, തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ആശീർവാദ് സിനിമാസ്.പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് പെരുമ്പാവൂരിൻ വച്ച് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത്.

കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും, മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു.പുലിമുരുകനും ദൃശ്യവും മോഹൻലാലിന്റെയും മലയാളത്തിലേക്കും ഏറ്റയും വലിയ ഹിറ്റായി സിനിമാലോകം കരുതുന്നു.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌.ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരത സർക്കാർ ആദരിച്ചു.2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും ആദരിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!