കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. പെരിയാറിലെ ബോട്ട് സര്‍വീസ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം നാളെ വരെ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും, എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണമാണ് ഭൂതത്താന്‍കെട്ട് ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്നത്. പെരിയാര്‍വാലി കനാലുകള്‍ ഇന്നലെ ഉച്ചയോടെ താത്കാലികമായി അടച്ചു. ഭൂതത്താന്‍കെട്ടില്‍ പെരിയാറിലെ ബോട്ട് സര്‍വീസും മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.
വൃഷ്ടി പ്രദേശത്ത് മഴയ്ക്കൊപ്പം സാമാന്യം നീരൊഴുക്ക് ഉള്ളതുകൊണ്ട് ഇന്നലെ രാവിലെയോടെ നാല് ഷട്ടറുകള്‍ തുറന്നു. പരാമവധി സംഭരണശേഷി 34.85 മീറ്ററാണ്. ഇത് രാവിലെ 32.70 മീറ്ററില്‍ എത്തിയതോടെയാണ് ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റര്‍ (300 ക്യുമെക്സ്) വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സംഭരണിയിലെ ജലനിരപ്പ് കാര്യമായി താഴാതെ വന്നതോടെയാണ് വൈകിട്ട് മൂന്നു ഷട്ടറുകള്‍ കൂടി തുറന്ന് സെക്കന്‍ഡില്‍ ആറ് ലക്ഷം ലിറ്റര്‍ (600 ക്യുമെക്സ്) വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്.