കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍ യാത്ര കുറച്ചതാണ് കാരണമെന്ന് വിലയിരുത്തുന്നു. ടൂറിസ്റ്റ് ബോട്ട് സംരംഭകര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുമൂലം പ്രതിസന്ധിയിലാണ്. വല്ലപ്പോഴും മാത്രമേ ബോട്ട് സവാരിക്ക് ആളുകള്‍ എത്തുന്നുള്ളൂ. സന്ദര്‍ശകരുടെ കുറവ് ഐസ്‌ക്രീം, കൂള്‍ഡ്രീംഗ്‌സ് വില്പനക്കാരേയും ബാധിച്ചിട്ടുണ്ട്. സാധാരണയുണ്ടാകാറുള്ള വില്പന ഇപ്പോഴില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. അവധിക്കാലത്തുമാത്രം യാത്ര സാധ്യമാകുന്ന വലിയൊരുവിഭാഗം ആളുകളുണ്ട്. അങ്ങനെയുള്ള കുറേപേര്‍ ഇപ്പോഴും ഭൂതത്താന്‍കെട്ടിലെത്തുന്നുണ്ട്. ചൂടുമൂലം വേണ്ടത്ര ആസ്വാദനം സാധ്യമാകാത്തതിന്റെ വിഷമം പലരും പങ്കിടുന്നുണ്ട്. പെരിയാറിലൂടെയുള്ള ബോട്ടിംഗ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പഴയ ഭൂതത്താന്‍കെട്ട് എന്നിവയെല്ലാമാണ് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ആകര്‍ഷണീയത. ചൂട് ശമിക്കുന്നതോടെ സഞ്ചാരികള്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷ.
