കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും സാധിക്കണമെങ്കില്‍ സുവിശേഷ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. ഊര്‍ജസ്വലമായ വിശ്വാസ പരിശീലനം കുടുംബങ്ങളുടെ വിശുദ്ധീകരണം സമുദായ ശക്തീകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവ സംരക്ഷിച്ച് പൗരന്‍മാര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നവരെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും സന്യാസ ഭവനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടെ 116 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് ഫാ. മാത്യു കിഴക്കേടത്തും സമുദായ ശക്തീകരണം എന്ന വിഷയത്തില്‍ ഫാ. ജിനോ പുന്നമറ്റത്തിലും ക്ലാസുകള്‍ നയിച്ചു. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും ആലോചനകളും നടന്നു. മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കോതമംഗലം രൂപതാംഗമായ മാര്‍ തോമസ് തിരുതാളിന് മാതൃ രൂപതയുടെ അഭിനന്ദനങ്ങള്‍ പാസ്റ്ററല്‍ അംഗങ്ങള്‍ കൈമാറി. നാമഹേതുക തിരുനാള്‍ ആഘോഷിക്കുന്ന ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനും ബിഷപ് എമരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിനും ആശംസകള്‍ നേര്‍ന്ന് ജിബിന്‍ പുല്‍പറന്പില്‍ പ്രസംഗിച്ചു. വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കുളത്തൂര്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.