കോതമംഗലം:കോതമംഗലം സംഘർഷം DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് കോതമംഗലം പോലീസ് സ്റ്റേഷനിലും തുടർന്ന് കോടതിയിലും ഹാജരായി ജാമ്യം എടുത്തു. കാഞ്ഞിരവേലിയിൽ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.
പോലീസ് വാഹനം തകർത്തതായി ആരോപിച്ച് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിൽ മുഹമ്മദ് ഷിയാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ബോധിപ്പിച്ച് അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടിയിരുന്നു. ഈ കേസിലാണ് 2/4/24 തിയതി ഹൈകോടതി ജാമ്യം അനുവദിക്കുകയും ജാമ്യ വ്യവസ്ഥ പ്രകാരം ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ആയിരുന്നു. ഹൈകോടതി ഉത്തരവിൽ അന്വേഷണ ഉദ്യാഗസ്ഥൻ്റെ മുമ്പിൽ ഹാജരാകുന്ന സമയം അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അന്നേ ദിവസം കോടതിയിൽ ഹാജരാക്കാനും കോടതിയിൽ ഹാജരാക്കുന്ന സമയം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദ്ദേശമുള്ളതിനാൽ പ്രതിയെ ഹാജരാക്കിയ സമയം അഡ്വ.P.S.A. കബീർ മുഖാന്തിരം അപേക്ഷ നൽകി കോടതിയിൽ നിന്നും റിലീസ് ആവുകയും ചെയ്തു.
ജനകീയ സമരങ്ങളോടുള്ള സർക്കാരിൻ്റെ അസഹിഷ്ണുതയാണ് പോലീസിൻ്റെ പ്രവർത്തനങ്ങളിലൂടെ കാണാൻ കഴിയുകയെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.