പെരുമ്പാവൂർ : പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ആവശ്യപ്പെട്ടു . നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി തവണ ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും നിസ്സാര അറ്റകുറ്റപ്പണികൾ കൊണ്ട് അവ തീർക്കുകയാണ് പതിവ് .. എംഎൽഎ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് പ്രായോഗികമായി നിയമതടസ്സം നിലനിൽക്കുന്നുണ്ട് . അറ്റകുറ്റപ്പണികൾക്ക് എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ വ്യവസ്ഥ ഇല്ല . മലമൂത്ര വിസർജനങ്ങൾ പോലും കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്ക് പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയെ എത്തിയിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ 43 വർഷം മുൻപ് പ്രവർത്തനമാരംഭിച്ചതാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ സ്റ്റേഷനുകളിൽ ഒന്നാണ് ഇത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളും മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളും കൂടുതലായി ആശ്രയിക്കുന്ന ബസ് സ്റ്റേഷനും ഇതാണ്.
കാലപ്പഴക്കത്താൽ കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞ് അടർന്നു വീഴുന്നത് പതിവാണ്. യാത്രക്കാർക്കും ജീവനക്കാർക്കും അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പൊളിഞ്ഞ് നിൽക്കുന്ന കോൺക്രീറ്റ് അടർത്തി മാറ്റി പ്ലാസ്റ്റർ ചെയ്ത് കെട്ടിടം പെയിന്റ് ചെയ്യേണ്ടതുണ്ട്.
വൃത്താകൃതിയിലുള്ള , ഭംഗിയുള്ള കെട്ടിടമാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. മഴവെള്ളം കെട്ടിടത്തിൻ്റെ അകത്ത് വീണ് ഓടവഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഓടകൾ അടഞ്ഞ് കിടക്കുന്നതിനാൽ കെട്ടിടത്തിനകത്ത് വെള്ളക്കെട്ടുണ്ടാവുകയും മലമൂത്രവിസർജ്ജനങ്ങൾ കെട്ടി കിടന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നതിന് ഇടയാകുന്നു..
ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് എംഎൽഎ കത്ത് നൽകി .നിരവധി തവണ പരാതി ഉന്നയിച്ചിട്ടും പരാതി ചെവിക്കൊള്ളാൻ ഗതാഗത വകുപ്പ് തയ്യാറാകാത്തതിൽ വലിയ പ്രതിഷേധമുണ്ടെന്ന് എംഎൽഎ അറിയിച്ചു