കോതമംഗലം: പെരിയാര്‍വാലി ബ്രാഞ്ച് കനാലുകളില്‍ വെള്ളമെത്തിയില്ല. കുടിവെള്ള സ്രോതസുകള്‍ വറ്റി വരളുന്നു. പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലിലെ വെള്ളമാണ് അമ്പലപ്പറമ്പ്, വായനശാലപ്പടി, കുത്തുകുഴി, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളെ ജലസമൃദ്ധമാക്കുന്നത്. കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയുണ്ടാകാന്‍ കനാലില്‍ വെള്ളമൊഴുകണം. എന്നാല്‍ കനാല്‍ ഇപ്പോള്‍ വറ്റിവരണ്ടുകിടക്കുകയാണ്. അതിനാല്‍ ഈ പ്രദേശങ്ങളിലെല്ലാം കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു. കിണറുകളില്‍ വെള്ളമില്ല. പാചകത്തിനോ, മറ്റ് വീട്ടാവശ്യങ്ങള്‍ക്കോ വെള്ളം കിട്ടുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളമുള്ള കിണറുകള്‍ തേടിപ്പിടിച്ച് വെള്ളം ശേഖരിക്കുകയാണ് പ്രദേശത്തെ വീട്ടമ്മാര്‍.ചിലര്‍ പണംകൊടുത്ത് വെളളം വാങ്ങുന്നു. ഇത്രയും വലിയ ജലക്ഷാമം ആദ്യമായിട്ടാണെന്നും നാട്ടുകാര്‍ പറയുന്നു. ബ്രാഞ്ച് കനാല്‍ തുറന്നെങ്കിലും കാടും മാലിന്യങ്ങളും മൂലം അവസാന ഭാഗങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല. ഇത്തരമൊരു സാഹചര്യം മുന്നില്‍കണ്ട് കനാല്‍ ശുചീകരിക്കാത്തതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത്. പെരിയാര്‍വാലി അധികാരികളോട് പലതവണ പരാതി അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. അധികാരികള്‍ ഇടപെട്ട് എത്രയുംവേഗം ജലക്ഷാമം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.