കോതമംഗലം : പട്ടയ വിതരണത്തിനായി കോതമംഗലം താലൂക്കിൽ സ്പെഷ്യൽ ഓഫീസ് അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നവംബർ 4/11/ 2023 -ലെ സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവടക്കം താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം നൽകുന്നതിനായിട്ടാണ് സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്നതിനായി തീരുമാനം എടുത്തിട്ടുള്ളത്. പതിറ്റാണ്ടുകളായി കോതമംഗലം താലൂക്കിലെ വിവിധ വില്ലേജുകളിലായി പട്ടയത്തിനായി കാത്തിരിക്കുന്ന 5000 ത്തിലേറെ കൈവശക്കാർക്കാണ് ഓഫീസ് ആരംഭിക്കുന്നതോടുകൂടി പട്ടയം വേഗത്തിൽ നൽകാൻ കഴിയുന്നത്.
ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുവാൻ സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്നതോടുകൂടി സാധ്യമാവുകയാണ്. തഹസീൽ ദാർ, ഡെപ്യൂട്ടി തഹസിൽദാർ -1, റവന്യൂ ഇൻസ്പെക്ടർ-2, ക്ലർക്ക്/വി എ – 6, സർവ്വേയർ -4, ചെയിൻമാൻ – 2, ഓഫീസ് അറ്റൻഡന്റ് -1 എന്നിങ്ങനെ 17 തസ്തികളാണ് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കുന്നത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.