കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നിന്നും കിഴക്കൽ മേഖലയിൽ നിന്നുള്ള മഞ്ഞനിക്കര കാൽനട തീർത്ഥയാത്ര ആരംഭിച്ചു. മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യായുടെ 119-ാം മത്തെ പരിശുദ്ധ പാത്രിയാർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ (1917-1932) 92-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാൽനടതീർത്ഥയാത്ര വിവിധ സ്ഥലങ്ങളിൽ നിന്നായി പുറപ്പെട്ടെത്.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ രാവിലെ 6 .00 മണിക്ക് പരി.ബസേലിയോസ് യൽദോ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം കാൽനട തീർത്ഥയാത്ര പുറപ്പെട്ടു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത തീർത്ഥയാത്രയെ ആശീർവ്വദിച്ച് അനുഗ്രഹിച്ച് യാത്രയയച്ചു. മലങ്കര സഭയെ രക്ഷിക്കുവാനായി വന്നെത്തിയ രണ്ടു പരിശുദ്ധ ബാവാമാരുടെ കബറിടങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണ് ഈ തീർത്ഥയാത്രയെന്ന് മെത്രാപോലിത്ത അഭിപ്രായപ്പെട്ടു.
മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് ,ഫാ. ബേസിൽ ഇട്ടിയാണിയക്കൽ, കോതമംഗലം എം. എൽ.എ ആന്റണി ജോൺ, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ .കെ. ടോമി, മാർ തോമ ചെറിയ പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ , സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എം.എസ്.എൽദോസ്, പി.കെ. ബാബു പീച്ചക്കര, സഭാ മാനേജിംഗ് കമ്മിറ്റി അംഗം എൽദോസ് കണ്ണാപറമ്പിൽ എന്നിവർ കാൽനട തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകി .