പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിളളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റോഡിന് ഒന്നര കിലോമീറ്റര്‍ നീളമുണ്ട്. കക്കടാശേരി-കാളിയാര്‍ റോഡിന് സമാന്തരമായി പൈങ്ങോട്ടൂര്‍ ചാത്തമറ്റം കവലയില്‍നിന്നാരംഭിച്ച് കാവുംപാറ, ആര്‍പിഎസ് വഴി പിട്ടാപ്പിള്ളിക്കവലയില്‍ എത്തിച്ചേരുന്നു. ഏഴു വര്‍ഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
പല ഭാഗങ്ങളിലും ടാറിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ല. തകര്‍ന്നുകിടക്കുന്ന ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുവീഴുന്നത് പതിവാണ്. ഇതുവഴി ഓട്ടോക്കാര്‍ ഓട്ടം പോകാന്‍ മടിക്കുന്നു. ദിവസേന നൂറുകണക്കിന് വാഹങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. റോഡ് എത്രയും വേഗം റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.