കോതമംഗലം : ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷനായ അന്ത്യോഖ്യായുടേയും കിഴക്കൊക്കയുടേയും പരി. പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ നാലാം ശ്ലൈഹീക സന്ദർശനം മലങ്കരയിൽ ആരംഭിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച പരി.സഭ ഒന്നടങ്കം പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ ഒരുമിച്ചു കൂടി പാത്രിയർക്കാ ദിനം ആചരിക്കും .അന്നേ ദിവസം തന്നെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മേല്പട്ടസ്ഥാനാരോഹണത്തിൻ്റെ 50-ാം വാർഷീക ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടത്തപ്പെടും. കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാത്രിയർക്കാ ദിനാഘോഷത്തിൻ്റെ വിളബരാർത്ഥം ഫെബ്രുവരി 2-ാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖാ പ്രയാണം ആരംഭിച്ചു. വലിയ പള്ളി, മൗണ്ട് സീനായായ്, കറുകടം ചാപ്പൽ, മുളവൂർ പള്ളി, കാരക്കുന്നം പള്ളി, മുടവൂർ പള്ളി, വീട്ടൂർ പള്ളി, മംഗലത്തു നടചാപ്പൽ, മഴുവന്നൂർ പള്ളി, കോലഞ്ചേരി പള്ളി എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖാ പ്രയാണം പുത്തൻകുരിൽ എത്തിച്ചേർന്നു. ബാംഗ്ലൂർ മൈലാപ്പൂർ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭി ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. ദീപശിഖാ പ്രയാണ റാലിയിൽ ക്യാപ്റ്റൻ ഫാ. ജോസ് പരത്തുവയലിൽ, ഫാ.ജോസ് തച്ചേത്കുടി ഫാ. ഏലിയാസ് പൂ മറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ഫാ.എൽദോസ് നമ്മനാലിൽ,സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എം.എസ് എൽദോസ്, ബാബു പീച്ചക്കര, ചെറിയ പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ, ഏലിയാസ് കീരം പ്ലായിൽ എന്നിവർ നേതൃത്വം വഹിച്ച് പങ്കെടുത്തു.