കോതമംഗലം :ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ) കേരള സെക്ഷൻ്റെ 2023 ലെ മികച്ച അധ്യപകനുള്ള അവാർഡിന് കോതമംഗലം എം. എ എൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യൂ ജോസ് അർഹനായി. മികച്ച അധ്യാപന വൈദഗ്ധ്യവും,വ്യാവസായിക ആവശ്യങ്ങളിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ സമീപനവും കണക്കിലെടുത്താണ് അവാർഡ് കമ്മറ്റി ഡോ. ബോസ് മാത്യൂ ജോസിനെ തെരഞ്ഞെടുത്തത്. ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ്റെ കീഴിലുള്ള സ്റ്റുഡൻസ് ചാപ്റ്ററുകളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കോളേജിൻ്റെ ഇൻട്രസ്റ്റിയൽ ആപ്ലിക്കേഷൻസ് സൊസൈറ്റി, പവർ ഇലക്ട്രോണിക്സ് സൊസൈറ്റി എന്നിവയുടെ ഉപദേശകൻ കൂടിയാണ് ഡോ. ബോസ് മാത്യു ജോസ്.
ഐ ട്രിപ്പിൾ ഇ എഷ്യ – പസഫിക് റീജിയൺ ഡിസംബർ മാസത്തിൽ ബാങ്കോങ്ങിൽ വച്ച് നടത്തിയ റോബോട്ടിക് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിൻ്റെ ഉപദേശകനും ഇദ്ദേഹമായിരുന്നു.
ഐ ട്രിപ്പിൾ ഇ ഇൻഡ്യാ കൗൺസിൽ ഏർപ്പെടുത്തിയ മികച്ച സ്റ്റുഡൻ്റ് ചാപ്റ്ററിനുള്ള 2023 ലെ അവാർഡും കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്
കോളേജിലെ ഐ ട്രിപ്പിൾ ഇ സ്റ്റുഡൻസ് ചാപ്റ്ററിനു ലഭിച്ചിരുന്നു.
ഇൻഡ്യയിൽ ആദ്യമായി കോളേജിലെ റോബോട്ടിക് സൊസൈറ്റി, ഐ ട്രിപ്പിൾ ഇ യുടെ 20 ലക്ഷം രൂപ ധനസഹായത്തോടെ 4 മാസം നീണ്ടു നിന്ന ‘സീസണൽ റോബോട്ടിക് സ്കൂൾ’ ആഗോളതലത്തിൽ കഴിഞ്ഞ വർഷം നടത്തുകയുണ്ടായി.
36 മണിക്കൂർ ദൈർഘ്യമേറിയ ഹാക്കത്തോൺ, ‘ലൈറ്റ് ദ ലൈവ്സ്’ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ഊറിയാംപെട്ടി ആദിവാസി ഊരിൽ സൗരോർജ്യത്തിലൂടെ കുടിയിലെ 5 വീടുകളിലും,അങ്കൻവാടിയിലും വൈദ്യുതി എത്തിക്കൽ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കോളേജിലെ സ്റ്റുഡൻസ് ബ്രാഞ്ച് നടത്തിയിരുന്നു. അവാർഡ് കരസ്ഥാക്കിയ ഡോ.ബോസ് മാത്യൂ ജോസിനെ എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് , ഐ ട്രിപ്പിൾ ഇ യുടെ ബ്രാഞ്ച് കൗൺസിലർ പ്രൊഫ. നീമ എസ്, സ്റ്റുഡൻ്റ്സ് ബ്രാഞ്ച് ചെയർ ഐറിൻ ബെനറ്റ് എന്നിവരും, കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപക രും വിദ്യാർത്ഥികളും ചേർന്ന് അഭിനന്ദിച്ചു .