കോതമംഗലം:കറക്ഷണൽ സർവീസസിലെ വിശിഷ്ട സേവനത്തിന് ആസ്ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ ‘ലോങ്ങ് സർവീസ് മെഡൽ’ നൽകി മലയാളിയെ ആദരിച്ചു.ഈ അവാർഡിനർഹനാകുന്ന ആദ്യ മലയാളിയായ ജോസി പൗലോസ് കോതമംഗലം കല്ലറ കുടുംബാംഗവും ആദ്യകാല പത്രപ്രവർത്തകനായിരുന്ന കെ.ആർ. പൗലോസിന്റെയും ജോസഫൈന്റെയും മകനുമാണ്. ഇന്ത്യയിൽ വി.വി.ഐ.പി സുരക്ഷ ബ്ലാക്ക് ക്യാറ്റ് കമാൻഡോ ആയി സേവനമനുഷ്ഠിച്ചിരുന്ന ജോസിയെ ആസ്ട്രേലിയയിലെ കാൻബറയിൽ 14 വർഷത്തെ സേവനം പൂർത്തീകരിച്ചതിനെത്തുടർന്നാണ് ആസ്ട്രേലിയൻ സർക്കാരിൽ കറക്ഷണൽ സർവീസസിന്റെ ചുമതല വഹിക്കുന്ന മന്ത്രി മൈക്ക് ജെന്റിൽമാനും കമ്മീഷണർ റേജോൺസണും ചേർന്ന് ലോങ്ങ് സർവീസ് മെഡൽ നൽകിയത്.
ആസ്ട്രേലിയൻ കറക്ഷണൽ സർവീസായ എ.സി.ടി.യിൽ പ്രവേശിക്കും മുൻപ് ഇന്ത്യയിൽ കേന്ദ്ര പോലീസ് സേനാവിഭാഗമായ സി.ആർ.പി.എഫിൽ സബ് ഇൻസ്‌പെക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച് ജോസി പൗലോസ് ഡി.വൈ.എസ്.പി റാങ്കിലെത്തിയിരുന്നു.നാഷണൽ സെക്യൂരിറ്റി ഗ്രൂപ്പിലേക്ക്(എൻ.എസ് .ജി)തെരഞ്ഞെടുക്കപ്പെട്ട ജോസി മുൻകേന്ദ്ര ആഭ്യന്തര മന്ത്രി എൽ. കെ.അദ്വാനി, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത,ഉത്തർ
പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ്,മുൻ കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റ്,ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി സിരിമാവൊ ബന്ദാരനായ്ക എന്നിവരുടെ സുരക്ഷാ കമാൻഡോ ആയി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനഗറിൽ നടന്ന കമാൻഡോ ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ജോസിയെ കേന്ദ്രസർക്കാർ റാപ്പിഡ് ആക്ഷൻ ഫോഴ്സിലേക്ക്(ആർ.എ.എഫ്)തെരഞ്ഞെടുക്കുകയും യൂറോപ്പിലെ കൊസോവ യു.എൻ പീസ് കീപ്പിംഗ് ഫോഴ്സിലേക്ക് സേവനത്തിനായി നിയോഗിക്കുകയും ചെയ്തു.
ആസ്ട്രേലിയയിൽ കുടുംബ സമേതം കഴിയുന്ന ജോസി പൗലോസിന്റെ ഭാര്യ:സോജ.(ആസ്ട്രേലിയയിൽ സോഷ്യൽ വർക്കർ).മക്കൾ: ജെസ്‌ലിൻ(ആസ്ട്രേലിയൻ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി ഇന്റർനാഷണൽ റിലേഷൻ ഓഫീസർ), എലിസബത്ത്( ആസ്ട്രേലിയൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സീനിയർ കൺസൾട്ടന്റ് ),ജാക്ക്(വിദ്യാർത്ഥി)എന്നിവരാണ്.