ഏബിൾ. സി. അലക്സ്
കോതമംഗലം : പൂനെയിലെ ഏറ്റവും ഉയരം കൂടിയ മലയോര കോട്ടകളായ
സിംഹഗഡ്,രാജ്ഗഡ്, ടോർണ, ലിങ്ങനാ എന്നിവ താണ്ടിയുള്ള
മൗണ്ടയ്ൻ അൽട്രാ മാരത്തോണായ എസ്ആർടിഎൽ അൾട്രായിൽ പങ്കെടുത്ത് കോതമംഗലം സ്വദേശി. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയ മത്സരങ്ങളിലൊന്നാണ് എസ് ആർ ടിഎൽ ( S R T L-
സിംഹഗഡ്,രാജ്ഗഡ്, ടോർണ, ലിങ്ങനാ ) അൾട്രാ മാരത്തോൺ. എസ് ആർ ടി എൽ അൾട്രാ മാരത്തോണിന്റെ ആറാമത്തെ പതിപ്പിലെ 100 കിമി വിഭാഗത്തിൽ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത രണ്ടു പേരിൽ ഒരാളാണ് കോതമംഗലം സ്വദേശിയായ ജിതിൻ പോൾ. കാക്കനാട് ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ജിതിന്
കാടും മലകളും ട്രെക്കിങ്ങും ഒരു ഹരമാണ്.അങ്ങനെ 100 കിമി വിഭാഗത്തിൽ 3 മാസം മുന്നേ രജിസ്റ്റർ ചെയ്തു തയ്യാറെടുപ്പുകൾ തുടങ്ങി. പരിശീലനങ്ങൾക്കിടയിൽ രണ്ടു പ്രാവശ്യം ആരോഗ്യ പ്രശ്നങ്ങൾ കാരണം ട്രെയിനിങ് മുടങ്ങിയെങ്കിലും വീണ്ടും ജിതിൻ ഇതിനുവേണ്ടി തയ്യാറെടുത്തു.
കോതമംഗലത്തിനടുത്തുള്ള നാടുകാണി മലയും, മലയാറ്റൂർ മലയുമായിരുന്നു പ്രധന പരിശീലന ഇടങ്ങൾ. നാലു മണിക്കൂർ കൊണ്ട് 4 പ്രാവശ്യം മലയാറ്റൂർ മല അടിവാരത്തുന്നുനിന്ന് മുകളിലേക്ക് ഓടികയറി ഇറങ്ങുമായിരുന്നു. എല്ലാ തയ്യാറെടുപ്പുകൾക്കും പൂർണ്ണ പിന്തുണയുമായി കുടുംബാംഗങ്ങളും നാട്ടുകാരും ഉണ്ടായി.
അയൽവാസിയും പെരുമ്പാവൂരിലെ ബിസിനസുകാരനുമായ പോളാണ് മത്സരത്തിന്നുള്ള ഷൂസും അവശ്യ സാധനങ്ങളും സ്നേഹസമ്മാനമായ് ഓഫർ ചെയ്തത്.
ഈ മാസം 9 നു രാവിലെ 6 മണിക്ക് മത്സരം ഫ്ലാഗോഫ് ചെയ്തു. ആദ്യം കയറേണ്ടത് സിംഗഹഡ് ഫോർട്ട്, പിന്നെ രാജ്‌ഘട്, പിന്നെ ടോർണ അവസാനം ലിങ്ങനാ ഫോർട്ട്. 5 ഇടങ്ങളിൽ കട്ട് ഓഫ് ടൈമിൽ എത്തിയില്ലെങ്കിൽ മൽസരത്തിൽ തുടരാൻ സംഘാടകർ അനുവദിക്കില്ല. ഫൈനൽ കട്ട് ഓഫ് 24 മണിക്കൂറും.
ആദ്യത്തെ ഫോർട്ട് കയറി ഇറങ്ങിയ ജിതിന് ഇടതുകാൽ ഒരു കല്ലിൽ ചവിട്ടി ആംഗിൾ ഇടറി. ഒരു ഓട്ടകാരന്റെ ഭാവി തന്നെ നഷ്ടമാവും ഇത്തരം ലിഗമെൻ്റ് പരിക്കുകൾ. അതിനാൽ മുന്നോട്ടുള്ള ഓരോ സ്റ്റെപ്പും ശ്രദ്ധയോടെ വെച്ച് കാലിന്റെ അവസ്ഥ നിരീക്ഷിച്ചു. വേദന കൂടാത്തതിനാൽ മുന്നോട്ട് തന്നെ പോകുവാൻ ജിതിൻ തീരുമാനിക്കുകയായിരുന്നു . വലതുകാൽ ഊന്നി മുന്നോട്ടു നീങ്ങിയത് കാലിലെ തളർച്ച കൂട്ടി. മൂന്നാമത്തെ ഫോർട്ട് കയറിക്കഴിഞ്ഞതോടെ മുന്നോട്ട് ഉള്ള വേഗത കുറച്ചു നടത്തം മാത്രമായി.
53 കിലോമീറ്റർ ഓടിയെത്താൻ 12 മണിക്കൂറായിരുന്നു കട്ട് ഓഫ് ടൈം. 11 മണിക്കൂറിൽ എത്തിയതിനാൽ അടുത്ത പകുതിക്ക് ഒരു മണിക്കൂർ കൂടുതൽ കിട്ടി. പിറ്റേന്ന് പുലർച്ചെ 5ന് ഫിനിഷ് ചെയ്തു. ഈ സ്വപ്ന നേട്ടം ആദ്യ ശ്രമത്തിൽതന്നെ കൈവരിക്കാനായതിൻ്റെ സന്തോഷത്തിലാണ് ജിതിൻ. റോയൽ റണ്ണേഴ്സ് കാലിക്കറ്റ് റണ്ണിംഗ് ക്ലബ് അംഗമാണ് ജിതിൻ. ഇനി ഇന്റർനാഷണൽ അൾട്രാ സീരീസ്, അയൺ മാൻ എന്നിവയാണ് ജിതിൻ്റെ അടുത്ത ലക്ഷ്യം.
കോതമംഗലം നെല്ലിക്കുഴി ശ്രമ്പിക്കുടിയിൽ വീട്ടിൽ പോളിന്റെയും ബീനയുടെയും മകനാണ് ജിതിൻ പോൾ എന്ന ഈ അതി സാഹസിക കായിക താരം.ഭാര്യ മെറിൻ. ഏക മകൾ ജോവിയ.