ഏബിൾ. സി. അലക്സ്
കട്ടപ്പന : നവകേരള സദസിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെക്കെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയിലെ നാണ്യ വിള കൾക്കൊണ്ട് ആദരം ഒരുക്കുകയാണ് ഇടുക്കി, നെടുംകണ്ടം രാമക്കൽമേട് സ്വദേശി പ്രിൻസ് ഭൂവനചന്ദ്രൻ.മുഖ്യമന്ത്രിക്കും,
കേരള മന്ത്രിസഭക്കും അഭിവാദനങ്ങൾ അർപ്പിച്ചു കൊണ്ടാണ് ഇടുക്കിയിലെ 20 നാണ്യവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക വിളകൾ, പച്ചക്കറികൾ എന്നിവ ചേർത്ത് പിണറായി വിജയൻ്റെ ചിത്രം പ്രിൻസ് ഒരുക്കിയത്. കുരുമുളക്, ഏലം, കാപ്പി, തേയില, കൊക്കോ,അടയ്ക്ക,ഗ്രാമ്പു,ജാതി, തച്ചോലം , പട്ട, മഞ്ഞൾ, ഇഞ്ചി, കപ്പ, ചേന, ചേമ്പ്,പയർ, ക്യാരറ്റ് , പാവൽ, വെണ്ട, വെളുത്തുള്ളി എന്നീ പ്രധാന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി രണ്ടര അടി വലുപ്പത്തിലാണ് വെൽഡിങ് വർക്ക് ഷോപ്പ് ഉടമയായ ഈ കലാകാരൻ മുഖ്യമന്ത്രിയുടെ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.വ്യത്യസ്തമായി ചിന്തിച്ച് ശില്പങ്ങളും, കൗതുകകരമായ ചിത്രങ്ങളും രൂപങ്ങളും ഒരുക്കി ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് പ്രിൻസ്. തന്റെ വിവാഹ വാർഷിക ദിനം
ഭീമൻ റോസ പുഷ്പം കൊണ്ട് മാസാക്കി വൈറലായ പ്രതിഭയാണിദ്ദേഹം.
6 അടി നീളത്തിലും രണ്ടര അടി വ്യാസത്തിലുമുള്ള ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള റോസാപ്പൂവാണ് തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ കലാകാരൻ പ്രിയതമക്ക് സമ്മാനിച്ചത്.ഈ പൂവിനാകട്ടെ 50 കിലോയിലധികം ഭാരമുണ്ട്.
വിവിധ കലാസൃഷ്ടികളിലൂടെ ഏഷ്യൻ റെക്കോർഡ് ഉൾപ്പെടെ നിരവധി റെക്കോർഡുകളും, പുരസ്‌കാരങ്ങളും പ്രിൻസിനെ തേടിയെത്തിയിട്ടുണ്ട്.രജിമോൾ ആണ് ഭാര്യ.ഭുവനചന്ദന,പ്രപഞ്ച് എന്നിവരാണ് മക്കൾ