കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി കുത്തി പൊളിച്ചിട്ട നിലയിലാണ് ഇപ്പോള്‍ റോഡ്.ഇളകികിടക്കുന്ന മെറ്റലും കല്ലുകളുമാണ് നിറയെ.ഇരുചക്രവാഹനങ്ങളുള്‍പ്പടെ റോഡില്‍ മറിഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. മഴ മാറിനിന്നതോടെ ഉണ്ടായ പുതിയ പ്രശ്‌നമാണ് പൊടിശല്യം.റോഡിനിരുവശത്തുമുള്ള വീട്ടുകാര്‍ കൊടുംദുരിതമാണ് അനുഭവിക്കുന്നത്.വീടുകള്‍ക്കുള്ളില്‍വരെ പൊടിനിറഞ്ഞു.ശ്വാസംമുട്ട് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ഉള്ളവരും പ്രയാസപ്പെടുകയാണ്. റോഡിന്റെ വീതി കൂട്ടാന്‍ സഹകരിക്കണമെന്ന അധികാരികളുേടയും ജനപ്രതിനിധികളുടേയും അഭ്യര്‍ത്ഥന വിമുഖത കൂടാതെ സ്വീകരിച്ചവരും ഇപ്പോള്‍ പരാതിക്കാരായി മാറിയിട്ടുണ്ട്.വീടിന്റെ മതിലും വഴിയുമെല്ലാം പൊളിച്ചാണ് റോഡിനായി സ്ഥലം വിട്ടു നൽകിയത്.ഇവയെല്ലാം പുനസ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു.എന്നാല്‍ കാര്യംകഴിഞ്ഞപ്പോള്‍ തങ്ങളെ അവഗണിക്കുന്നതായി സ്ഥലയുടമകള്‍ പറയുന്നു. റോഡിന്റെ പണി ഇഴയുകയാണെന്ന് വ്യക്തമായപ്പോള്‍ നാട്ടുകാര്‍ പലരേയും പരാതി അറിയിച്ചു.പേരിനുമാത്രം പണി മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് പലപ്പോഴും കണ്ടത്.പൊതുമരാമത്ത് വകുപ്പ് ഓഫിസര്‍മാരെ പലതവണ നേരില്‍കണ്ട് പരാതി പറഞ്ഞെന്ന് പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു പറഞ്ഞു.ഉടന്‍ പണി പൂര്‍ത്തീകരിക്കുമെന്ന മറുപടിയാണ് എപ്പോഴും ലഭിക്കുക.എത്രയും വേഗം പണികള്‍ പൂര്‍ത്തീകരിച്ച് ദുരിതം പരിഹരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഒപ്പുേേശഖരണത്തിന് ലീലാ ജോര്‍ജ്, സി.എം.ദിനൂപ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ടാറിംഗ് ജോലികള്‍ വൈകിയാല്‍ പി.ഡബ്ല്യു.ഡി.ഓഫിസ് ഉപരോധിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.
