കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡിസംബര്‍ 10 ലെ കോതമംഗലത്തെ നവകേരള സദസ്സിന് മുന്നോടിയായ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണെന്നും കോതമംഗലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനസംഗമവേദിയായി നവകേരള സദസ്സ് മാറുമെന്നും വികസന സമിതി യോഗത്തില്‍ എം എല്‍ എ പറഞ്ഞു. നാടിന്റെ നന്മ ആഗ്രഹിക്കുന്ന പൊതു താല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്ന മുഴുവന്‍ ബഹുജനങ്ങളും നവകേരള സദസ്സിനോട് സഹകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളിലും വികസന കാര്യങ്ങളിലും ഭരണനിര്‍വ്വഹണത്തിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരള സര്‍ക്കാര്‍. നാടിനോടും ജനങ്ങളോടും തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണപ്രഖ്യാപനമെന്നും എം എല്‍ എ പറഞ്ഞു. ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ നാലാം തീയതി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കുകയുണ്ടായി. ഈ ഉത്തരവ് പ്രകാരം താലൂക്കില്‍ 5000 ത്തിലേറെ പേര്‍ക്ക് പട്ടയം കൊടുക്കുവാന്‍ കഴിയുന്ന സാഹചര്യം വന്നിട്ടുണ്ടെന്നും , ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഏറെ കുറെ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുമെന്നും എം എല്‍ എ യോഗത്തില്‍ പറഞ്ഞു.മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗ ശല്യം യോഗം ചര്‍ച്ച ചെയ്തു. നബാര്‍ഡ് സ്‌കീമും , സ്റ്റേറ്റ് പ്ലാനിലും, ആര്‍കെവിവൈ സ്‌കീമിലും ഉള്‍പ്പെടുത്തി 5 പഞ്ചായത്തുകളിലും ഹാങ്ങിങ് ഫെന്‍സ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. പെരിയാര്‍ വാലി കനാലുകളുടെ അറ്റകുറ്റപണികള്‍ അവസാനഘട്ടത്തിലാണെന്നും ഡിസംബര്‍ 15 ഓടുകൂടി കനാലില്‍ വെള്ളം തുറന്നുവിടാന്‍ കഴിയുമെന്നും പെരിയാര്‍ വാലി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ പല പ്രദേശങ്ങളിലേയ്ക്കുള്ള ട്രിപ്പുകള്‍ കെഎസ്ആര്‍ടിസി മുടക്കുന്നതായും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട കെഎസ്ആര്‍ടിസിയുടെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോതമംഗലം – നെല്ലിമറ്റം – വാളാച്ചിറ – പൈങ്ങോട്ടൂര്‍ ടപ്പ് മുടക്കമില്ലാതെ സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസ്, മോട്ടോര്‍വാഹനവകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. കോതമംഗലം ടൗണില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. കോതമംഗലം ഫുഡ് & സേഫ്റ്റി അധികൃതര്‍ നഗരസഭ- ആരോഗ്യവകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ദേശീയപാത (കുണ്ടന്നൂര്‍- മൂന്നാര്‍) നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും വികസനത്തിന്റെ ഭാഗമായി ദേശീയപാത ഓരങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ അലസമായി റോഡരികില്‍ ഉപേക്ഷി ക്കുന്നതിനെതിരെ ദേശീയ പാത അധികൃതര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനു മുമ്പിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി , കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്, കോതമംഗലം ഭൂരേഖ തഹസില്‍ദാര്‍ കെ എം നാസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
