കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.10 നായിരുന്നു സംഭവം. ബസിറങ്ങിയ സ്ഥലത്തുനിന്ന് 200 മീറ്ററേ വീട്ടിലേക്കുള്ളൂ. വനത്തോട് ചേര്‍ന്ന വിജനമായ സ്ഥലമാണ്. ബസിറങ്ങി കുട്ടി നടന്നുനീങ്ങിയപ്പോഴാണ് ഊന്നുകലിലേക്കുള്ള വഴി ചോദിച്ച് യുവാവ് പെണ്‍കുട്ടിയെ സമീപിച്ചത്. പെണ്‍കുട്ടി കൈകൊണ്ട് വഴി ചൂണ്ടിക്കാട്ടികൊടുത്തു. യുവാവ് അടുത്തെത്തി കുട്ടിക്കു നേരെ മിഠായി നീട്ടിയപ്പോള്‍ കുട്ടി വേണ്ടെന്ന് പറഞ്ഞു. ഇതിനിടെ യുവാവ് കുട്ടിയുടെ തോളത്ത് പിടിച്ചപ്പോള്‍ കുട്ടി കൈ തട്ടിമാറ്റി. യുവാവ് അടിക്കുകയും കൈയില്‍ പിടിച്ചു വലിച്ച് ബൈക്കിന് അടുത്തേക്ക് കൊണ്ടുപോയെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
ഇതിനിടെ യുവാവിന് ഫോണ്‍വന്നു. തുടര്‍ന്ന് ബൈക്കില്‍ കുട്ടിക്ക് ചുറ്റും രണ്ടുമൂന്നുവട്ടം കറങ്ങിയ ശേഷം യുവാവ് സ്ഥലംവിട്ടു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചെങ്കിലും ബൈക്ക് യാത്രികനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ഊന്നുകല്‍ പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
