മൂവാറ്റുപുഴ: താറാവ് ഫാമില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വെങ്ങോലയിലെ താറാവ് ഫാമില്‍ അസം സ്വദേശി രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസില്‍ ബബുല്‍ ചന്ദ്ര ഗോഗോയ്, അനൂപ് ബോറ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ കോടതി തടവും, ഓരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 2014 ഡിസംബര്‍ 20നാണ് കേസിനാസ്പതമായ സംഭവം. പെരുമ്പാവൂര്‍ വെങ്ങോല പുത്തൂരാന്‍ കവല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന താറാവ് ഫാമില്‍ എത്തിച്ച് രാജു മണ്ഡലിനെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞപ്രതികളെപെരുമ്പാവൂര്‍ പൊലീസ് അസമില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍, അഭിലാഷ് മധു എന്നിവര്‍ ഹാജരായി.
