കോതമംഗലം : വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഓർമ്മകള തിരസ്കരിക്കാനുള്ള കേന്ദ്ര ഭരണകൂട നീക്കത്തിൽ പ്രതിഷേധമുയർത്തണമെന്ന് കോതമംഗലം താലൂക്ലൈബ്രറി കൗൺസിൽ അഭ്യർത്ഥിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ഇടം നേടിയതിൽ ഇന്ത്യക്കാരെല്ലാം അഭിമാനിക്കുന്നു. ശാന്തിനികേതൻ വിഭാവനം ചെയ്തതും സ്ഥാപിച്ചതും മഹാകവി രവീന്ദ്രനാഥ ടാഗോറാണ്. നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥടാഗോർ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ എക്കാലത്തേയും അഭിമാനമാണ്. ശാന്തിനികേതനിലെ ശിലാഫലകത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ പേരില്ലാതെ, പ്രധാനമന്ത്രിയുടെയും വൈസ് ചാൻസലരുടെയും പേര് മാത്രം വെക്കുകയും ചെയ്ത നടപടി
നിന്ദ്യവും ചരിത്രനിരാസവുമാണ്. ലോകത്തിനു മുന്നിൽ വീണ്ടും ഇന്ത്യ അപമാനിക്കപ്പെടുകയാണ്.
മാനവികതയുടെയും, മതനിരപേക്ഷതയുടെയും ഇന്ത്യ സൃഷ്ടിക്കാൻ ത്യാഗപൂർവം പ്രവർത്തിച്ച മഹാന്മാരെയെല്ലാം ചരിത്രത്തിൽ നിന്നു മായ്ച്ചുകളയാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്.
ടാഗോറിന്റെ നിത്യസ്മരണകളെ നിലനിർത്തുന്നതിന് ലൈബ്രറി കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി കോതമംഗലം താലൂക്കിലെ മുഴുവൻ ലൈബ്രറികളിലും ടാഗോറിന്റെ ഛായാചിത്രം സ്ഥാപിക്കുന്നു. ഇതോടൊപ്പം ലൈബ്രറി പ്രവർത്തകർ വിശ്വഭാരതി സർവ്വകലാശാല വൈസ് ചാൻസലർക്ക് പ്രതിഷേധകത്തുകൾ അയക്കും. ഇതിന്റെ താലൂക്ക്തല ഉദ്ഘാടനം കോതമംഗലം ടി എം മീതിയൻ സ്മാരക ലൈബ്രറിയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പ്രസിഡന്റ് ഇൻ ചാർജ്ജ് പി എം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഡോ. ജേക്കബ് ഇട്ടൂപ്പ് , പി എം പരീത്, പി ജി വേണു, സി പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മനോജ് നാരായണൻ സ്വാഗതവും എസ് ഉദയൻ നന്ദിയും പറഞ്ഞു.
