കോതമംഗലം : കൈകാലുകൾ ബന്ധിച്ച് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിക്കുള്ള റെക്കോഡ് കുമാരി ലയാ ബി നായർ കരസ്ഥമാക്കി.കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ് പന്ത്രണ്ട് വയസുകാരി ലോക റെക്കോർഡിന് ഉടമയായത്.ഇന്ന് രാവിലെ 8. 30ന് ആലപ്പുഴയിലെ തവണക്കടവിൽ നിന്ന് ആരംഭിച്ച നീന്തൽ 9. 43നാണ് കോട്ടയം വൈക്കം ബീച്ചിൽ അവസാനിച്ചത്. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നീന്തൽ പരിശീലകനായ അച്ഛന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായൽ നീന്തിക്കയറിയത് .നീന്തൽ പരിശീലകനായ വാരപ്പെട്ടി അറായ്ക്കൽ വീട്ടിൽ ബിജു തങ്കപ്പന്റെയും പഞ്ചായത്തംഗമായ ശ്രീകലയുടെയും മകളാണ് ലയ.2022 നവംബർ 12ന് കൈകൾ ബന്ധിച്ച് കായൽ നീന്തിക്കടന്ന ആദ്യ പെൺകുട്ടിക്കുള്ള ലോക റെക്കോഡ് ലയ സ്വന്തമാക്കിയിരുന്നു. കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിന്റെയും വൈക്കം സിമ്മിങ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചേർന്ന അനുമോദന ചടങ്ങിൽ റെക്കോർഡ് സ്വന്തമാക്കിയ ലയ ബി നായരെ ആന്റണി ജോൺ എം എൽ എ സ്വീകരിച്ചു. യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിഷ ജോസ് കെ മാണി മുഖ്യാതിഥിയായി. യോഗത്തിൽ വാർഡ് കൗൺസിലർ ബിന്ദു, വൈസ് ചെയർമാൻ പി ടി സുഭാഷ്, വൈക്കം ബ്ലോക്ക് പ്രസിഡന്റ് കെ കെ രഞ്ജിത്ത്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെന്റ് അഗസ്റ്റിൻ സ്കൂൾ എച്ച് എം സിസ്റ്റർ റിനി മരിയ, വാർഡ് കൗൺസിലർ എബ്രഹാം പഴയ കടവൻ മുൻ കൗൺസിലർ ജോൺ പേരയിൽ, ജീവൻ ശിവൻ, ചേന്നം പണിപ്പുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി കെ ഹരിദാസ് എന്നിവർ പങ്കെടുത്തു..