കോതമംഗലം: താലൂക്കിലെ 12 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 200 കണക്ഷനുകളില്‍ കുറവുള്ള ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാനാണ് ബിഎസ്എന്‍എല്‍ നീക്കം. ഇതുപ്രകാരം കോതമംഗലം താലൂക്കിലെ 12 എക്‌സ്‌ചേഞ്ചുകള്‍ക്കാണ് പൂട്ടുവീഴാന്‍ സാധ്യതയുള്ളത്. ചേലാട്, ഊന്നുകല്‍, നെല്ലിമറ്റം, നേര്യമംഗലം, വാരപ്പെട്ടി, പോത്താനിക്കാട്, കടവൂര്‍, ചെറുവട്ടൂര്‍, കോട്ടപ്പടി, വടാട്ടുപാറ, കുട്ടന്പുഴ, ചാത്തമറ്റം എന്നീ എക്‌സ്‌ചേഞ്ചുകള്‍ വൈകാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. ഇതിനാവശ്യമായ മുന്നൊരുക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. 10 വര്‍ഷം മുന്പുള്ള ഫയലുകള്‍ നശിപ്പിക്കുന്നതടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. നിലവിലുള്ള കണക്ഷനുകള്‍ തുടരാന്‍ താല്പര്യമുള്ളവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കും.
എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്‌പോള്‍ സ്വന്തമായുള്ള കെട്ടിടങ്ങള്‍ വാടകക്ക് നല്‍കാനാണ് തീരുമാനം. നേര്യമംഗലം, നെല്ലിമറ്റം, പോത്താനിക്കാട് എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ്. മറ്റ് കെട്ടിടങ്ങളുടെ വാടക കരാര്‍ ഒഴിവാകും. ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ത്തുന്നതോടെ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള കോപ്പര്‍ കേബിളുകളും ഉപേഷിക്കപ്പെടും.