മൂവാറ്റുപുഴ: ശബരിമല മേല്‍ശാന്തിയായി മൂവാറ്റുപുഴ കാലാമ്പൂര്‍ സ്വദേശി മഹേഷ് പി.എന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ഒരുവര്‍ഷത്തോളമായി മേല്‍ശാന്തിയാണ് പി.എന്‍.മഹേഷ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് വര്‍മ(ശബരിമല), നിരുപമ ജി.വര്‍മ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. കീഴില്ലം പുത്തില്ലത്ത് മനയില്‍ നാരായണന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനാണ് മഹേഷ് പി.എന്‍. വര്‍ഷങ്ങളായി മേല്‍ശാന്തി പരിഗണന പട്ടികയില്‍ ഇടം പിടിക്കാര്‍ ഉണ്ടെങ്കിലും ഭഗവതി കൃപകോണ്ടാണ് അവസരം ലഭിച്ചതെന്ന് മഹേഷിന്റെ മാതാവ് പറഞ്ഞു. വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നിന്നുമാണ് തന്ത്രവിദ്യകള്‍ സ്വായത്തമാക്കിയത്. 90 മുതല്‍ 95 വരെയുള്ള കാലയളവിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അഞ്ചല്‍പ്പെട്ടി എല്‍പി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ആയവന ഹൈസ്‌കൂള്‍, നിര്‍മ്മല നിര്‍മ്മല കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തന്ത്രവിദ്യ പഠിക്കുന്നതിനോടെപ്പം ബിഎ സംസ്‌കൃതവും അഭ്യസിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലെ കല്‍ക്കാജി ക്ഷേത്രത്തിലെ മേല്‍ശാന്തിയായും തുടര്‍ന്ന് കോയമ്പത്തൂര്‍, കാലാമ്പൂര്‍ തൃക്ക മഹാവിഷ്ണു ക്ഷേത്രം, ചെറുവട്ടൂര്‍ അടിവാട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചു. മധു നാരായണന്‍ നമ്പൂതിരി, മനോജ് നാരായണന്‍ നമ്പൂതിരി എന്നിവരാണ് സഹോദരങ്ങള്‍. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത് അറിഞ്ഞതോടെ ബന്ധുജനങ്ങളും നാട്ടുകാരും വീട്ടില്‍ എത്തി ആശംസ അറിയിച്ചു.
