പെരുമ്പാവൂർ: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം മുപ്പത്തയ്യായിരം കടന്നു. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തി നാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 4500 അതിഥി ത്തൊഴിലാളികൾ. മൂവാറ്റുപുഴ സ്റ്റേഷനിൽ 3900പേരും, ബിനാനിപുരം സേറ്റഷനിൽ 3600 പേരും രജിസ്റ്റർ ചെയ്തു. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
