കോതമംഗലം: ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലിപ്പൂ കൃഷി നടത്തിയ കര്‍ഷകര്‍ ദുരിതത്തിലായി. പൂവിന് ഓണക്കാലത്ത് പോലും ആവശ്യക്കാര്‍ കുറവായത് കോതമംഗലം മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. ഓണക്കാലത്തും ഓണത്തിന് ശേഷവും പൂവ് എടുക്കുവാന്‍ ചെറുകിട വ്യാപാരികള്‍ താത്പപര്യം കാണിക്കാത്തതാണ് കര്‍ഷകര്‍ക്ക് വിനയായത്. കേരള സര്‍ക്കാര്‍ താല്‍പര്യത്തോടെ സബ്‌സിഡി നല്‍കി പൂകൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴും വിപണി കണ്ടെത്തുന്നതില്‍ വലിയ ബുദ്ധിമുട്ടാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. വാരപ്പെട്ടി പഞ്ചായത്തില്‍ കക്കാട്ടൂര്‍ പബ്ലിക് ലൈബ്രറി ഒരേക്കറോളം വരുന്ന സ്ഥലത്ത് പാട്ടത്തിന് സ്ഥലം എടുത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. ചെണ്ടുമല്ലി കൃഷിയില്‍ പൂക്കള്‍ നൂറുമേനി വിളഞ്ഞെങ്കിലും ഓണ നാളുകളില്‍ കുറച്ചു വിറ്റു പോയതല്ലാതെ പൂക്കള്‍ ശേഖരിക്കുവാന്‍ ചെറുകിട വ്യാപാരികള്‍ സന്നദ്ധമാകുന്നില്ല.കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് പൂവ് ലഭിക്കും എന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. പൂകൃഷിയിലെ പ്രതിസന്ധിയെ മുന്നില്‍ കാണാതെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കൃഷിവകുപ്പിന്റെ കൂടി സഹകരണത്തോടെ കക്കാട്ടൂര്‍ പബ്ലിക് ലൈബ്രറി ഉള്‍പ്പെടെയുള്ള ആളുകള്‍ വായ്പയെടുത്ത് കൃഷിയിറക്കിയത്. നൂറുകണക്കിന് കിലോ വരുന്ന പൂക്കള്‍ പറിച്ച് വില്‍ക്കാനാകാതെ ചെടിയില്‍ നിന്ന് നശിച്ചു പോകുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഇടപെട്ട് സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ വരുന്ന നാളുകളില്‍ കേരളത്തില്‍ പ്രത്യേകിച്ച് മധ്യകേരളത്തില്‍ പൂകര്‍ഷകര്‍ വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക. അടിയന്തരമായി കര്‍ഷകരെ സഹായിക്കുന്ന ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കക്കാട്ടൂര്‍ പബ്ലിക് ലൈബ്രറിയുടെ ഭാരവാഹികള്‍ പറഞ്ഞു.