കോതമംഗലം : തങ്കളം ഗ്രീൻ വാലി പബ്ലിക്ക് സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടി. കുടിവെള്ളത്തിൽ നിന്നുമാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ പോലെയുള്ള ആരോഗ്യപ്രശനങ്ങൾ നേരിട്ടതെന്ന് മാതാപിതാക്കൾ വ്യക്തമാക്കുന്നു. ആശുപത്രികളിൽ ചികിത്സ നേടിയവർ സുഖം പ്രാപിച്ചു വരുന്നു.
സ്കൂൾ വളപ്പിലെ കിണറ്റിലെ വെള്ളമാണ് ശുദ്ധീകരിക്കാതെ കുട്ടികൾക്ക് കുടിവെള്ളമായി നൽകിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഈ കിണറ്റിലെ വെള്ളത്തെക്കുറിച്ചും പാഴി പിടിച്ചു കിടക്കുന്ന അവസ്ഥയെക്കുറിച്ചും മാതാപിതാക്കൾ മാനേജ്മെന്റിനോട് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു. കുടിവെള്ളത്തിന്റെ രുചി വ്യത്യാസത്തെ കുറിച്ച് വിദ്യാർത്ഥികൾ തന്നെ നിരവധി പരാതികൾ ഉന്നയിച്ചിട്ടുള്ളതായി രോഗാവസ്ഥയിലുള്ള കുട്ടികൾ വ്യക്തമാക്കുന്നു. കിണർ ശുജീകരണം, വാട്ടർ ഫിൽറ്റർ പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ പി.റ്റി.എ ഭാരവാഹികൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് രക്ഷാകർത്താക്കൾ പറയുന്നു. ഓണാവധിയും ആരോഗ്യവും നഷ്ടപെട്ടത് കൂടാതെ മാനസിക ക്ലേശവും അനുഭവിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികളും അവരുടെ കുടുംബവും.