കോതമംഗലം: വാഴവെട്ടുകേസില്‍ നിയമസഭയില്‍ ക്രിയത്മക ഇടപെടല്‍ നടത്തി ആന്റണി ജോണ്‍ എംഎല്‍എ. വാരപ്പെട്ടിയിലെ വാഴവെട്ട് വിവാദത്തില്‍ നിയമസഭയില്‍ ആന്റണി ജോണ്‍ എംഎല്‍എ അടക്കം മൂന്ന്് എംഎല്‍എമാരാണ് സഭയില്‍ സബ്മിഷന്‍ നല്‍കിയത്. വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് കൃഷി വകുപ്പുമായി ആലോചിച്ച് കര്‍ഷകന് ഉചിതമായ ധനസഹയം നല്‍കുമെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മൂന്ന് എംഎൽഎമാരുടെ സബ്മിഷൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ആന്റണി ജോൺ,മാത്യു കുടനാടൻ എന്നിവർ നല്‍കിയ സബ്മിഷന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നുള്ള ഇടുക്കി – കോതമംഗലം 220 കെ വി വൈദ്യുതി ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് കെ എസ് ഇ ബി എല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ കാവുംപുറത്ത് കെ.ഓ തോമസിന്റെ കൃഷി സ്ഥലത്തെ ചില വാഴകള്‍ക്ക് തീ പിടിച്ചതായി കണ്ടെത്തിയതായും വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തിയതാകാം തീ പിടിക്കാന്‍ കാരണമെന്ന് മനസ്സിലായിരുന്നു. കൂടാതെ സമീപവാസിയായ അമ്മിണി രാഘവനെന്ന സ്ത്രീയ്ക്ക് വൈദ്യുത ഷോക്ക് ഏറ്റതായും അറിയാന്‍ കഴിഞ്ഞിരുന്നുവെന്നും 220 കെ.വി ലൈന്‍ ട്രിപ്പായ സമയത്താണ് അപകടമെന്നും കണ്ടെത്തിയിരുന്നു. അപകട സാധ്യത ഒഴിവാക്കനാണ് വാഴകള്‍ വെട്ടി മാറ്റിയതെന്നും, കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പ്രകാരം 220 കെ വി ലൈനിന് ഭൂനിരപ്പില്‍ നിന്നും നിയമാനുസരണം വേണ്ട അകലത്തില്‍ തന്നെയാണ് ലൈന്‍ എന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ വാരപ്പെട്ടിയില്‍ നട്ടിരുന്നത് ഉയരം കൂടിയ ഇനത്തില്‍ പെട്ട വാഴയായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി മന്ത്രി സഭയില്‍ പറഞ്ഞു.