കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ പട്ടയ അസംബ്ലി ആന്റണി ജോണ്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിയോജക മണ്ഡലാ ടിസ്ഥാനത്തില്‍ പട്ടയപ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായാണ് പട്ടയ അസംബ്ലി രൂപീകരിച്ചിട്ടുള്ളത്. ഓരോ വാര്‍ഡിലും പട്ടയം ലഭിക്കാന്‍ അവശേഷിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കുകയും ചെയ്യുക എന്നതാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യമെന്ന് എംഎല്‍എ അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാജനപ്രതിനിധികളുടെയും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. ഭൂരഹിതര്‍ക്കും, രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വച്ചു വരുന്നവര്‍ക്കും പട്ടയം നല്‍കുക എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പട്ടയ മിഷന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയിലാണ് പട്ടയ അസംബ്ലി ചേര്‍ന്നിട്ടുള്ളതെന്ന് ഭൂരേഖ തഹസില്‍ദാര്‍ കെ എം നാസര്‍ യോഗത്തെ അറിയിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ജില്ലാ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വില്ലേജ് ഓഫീസര്‍മാര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പട്ടയ അസംബ്ലിയില്‍ പങ്കെടുത്തു.