കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് ചേർന്നു. ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോതമംഗലം താലൂക്കിൽ ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായും,ഡെങ്കി പടരാതിരിക്കാൻ ജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളിലും,വീടുകളിലും, പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെയും കൃത്യമായ ശ്രദ്ധ ഉണ്ടാകണമെന്ന് സൂപ്രണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിന്റെയു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതുജനങ്ങളുടെയും, സഹകരണത്തോടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്കൃഷി വകുപ്പ് അധികൃതർക്ക് എം എൽ എ നിർദ്ദേശം നൽകി. കമ്പനിപ്പടി ഭാഗത്ത് അടിയന്തരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ എസ് ഇ ബി അധികൃതർ സ്വീകരിക്കേണ്ടതാണെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിന് കീഴിൽ നടന്ന അദാലത്തിൽ ലഭിച്ച എല്ലാ അപേക്ഷകളിലും പരിഹാരം സ്വീകരിച്ചിട്ടുള്ളതായും ഇതിലേക്ക് എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ളതാണെന്നും യോഗം വിലയിരുത്തി. മഴക്കാലം മുന്നൊരുക്കം എന്ന നിലയിൽ ഒട്ടുമിക്ക റോഡുകളുടെയും നിർമ്മാണ അറ്റകുറ്റപ്പണികൾ എല്ലാം തന്നെ ചെയ്തു തീർന്നിട്ടുള്ളതായി പി ഡബ്ല്യു ഡി വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു.
അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്ന നടപടികൾ പോലീസ്, മോട്ടോർ വാഹന വകുപ്പും ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും മരങ്ങളും പറഞ്ഞ് വീണിരുന്ന വിവരം യോഗം ചർച്ച ചെയ്തു.റോഡ് വശങ്ങളിൽ അപകടകരമായ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയായി നിൽക്കുന്നത് അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായും യോഗം ചർച്ച ചെയ്തു.വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതും അതിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതായും യോഗം വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. റോഡുകളിൽ ഉള്ള ഡ്രെയിനേജുകൾ അടിയന്തരമായി വൃത്തിയാക്കി സ്ലാബില്ലാത്ത ഭാഗങ്ങൾ സ്ലാബിട്ട് അപകട ഭീഷണി ഒഴിക്കേണ്ടതായി പി ഡബ്ലിയു ഡി വിഭാഗത്തിന് നിർദ്ദേശം നൽകി.
ആലുവ – കോതമംഗലം നാലുവരി പാത നിർമ്മാണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇരമല്ലൂർ വില്ലേജിലെ ന്യായവില കൂടുതലാണെന്ന് യോഗം ചർച്ച ചെയ്തു. ന്യായവില മറ്റ് വില്ലേജുകളിലെ സംബന്ധിച്ച കൂടുതലാണെന്നും ന്യായവില കുറയ്ക്കുന്നതിനുള്ള നടപടികൾ ആർ ഡി ഒ തലത്തിൽ സ്വീകരിച്ചു വരുന്ന നടപടികൾ യോഗത്തിൽ അഭിപ്രായമുയർത്തി. പിണ്ടിമന പഞ്ചായത്തിലെ അടിയോടിയിൽ നിർമാണത്തിലിരിക്കുന്ന ഓക്സിജൻ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പെരിയാർവാലിയിൽ നിന്നും അനാവശ്യ തടസങ്ങൾ ഉണ്ടായിരിക്കരുതെന്ന് യോഗം നിർദേശം നൽകി . ചർച്ച ചെയ്ത വിഷയങ്ങളിൽ എല്ലാം ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തന്നെ നടപടികൾ സ്വീകരിക്കേണ്ടതായി എം എൽ എ യോഗ അംഗങ്ങളെ അറിയിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി, റഷീദ് സലിം,റാണിക്കുട്ടി ജോർജ്,കോതമംഗലം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം നൗഷാദ്,കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, രാഷ്ട്രീയ പ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.