കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, വാരിയം, കുഞ്ചിപ്പാറ, പന്തപ്ര, ഉറിയംപെട്ടി, ചാമപ്പാറ, ഇളംബ്ലാശ്ശേരി, തട്ടേക്കാട്, കല്ലേമേട്, എന്നീ മൊബൈൽ കവറേജ് ലഭ്യമാകാത്ത 9 ഗോത്രവർഗ്ഗ സങ്കേതങ്ങളിലാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്. ഗോത്ര വർഗ്ഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും മൊബൈൽ കവറേജ് ലഭ്യമല്ല. ഇവിടങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നതോടെ കുട്ടമ്പുഴയിലെ വർഷങ്ങളായുള്ള ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ റേഞ്ച് പ്രശ്നത്തിന് പൂർണ്ണ പരിഹാരമാവുമെന്ന എം.പി. പറഞ്ഞു.
കുട്ടമ്പുഴ കൂടാതെ കവളങ്ങാട്, ചെങ്ങര, നാഗഞ്ചേരി എന്നിവിടങ്ങളിലും ടവർ സ്ഥാപിക്കുന്നതിന് അനുമതിയായി. ടവർ നിർമ്മിക്കുന്നതിന് കണ്ടെത്തിയ കുട്ടമ്പുഴ പഞ്ചായത്തിലെ ഗോത്രവർഗ്ഗ മേഖലകളിൽ ഡീൻ കുര്യാക്കോസ് എംപിയോടൊപ്പം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ്യൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി.കെ.എ. മെംമ്പർമാരായ ജോഷി പൊട്ടയ്ക്കൽ, മേരി കുര്യാക്കോസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് സി.ജെ.എൽദോസ്, ബിഎസ്എൻഎൽ എറണാകുളം ഡിവിഷണൽ എഞ്ചിനീയർ ബിനു ജോസ്, കോതമംഗലം സബ് ഡിവിഷണൽ എഞ്ചിനീയർ ബേസിൽ പോൾ എന്നിവരും സന്ദർശിച്ചു.
കേന്ദ്ര സർക്കാരിൻറെ യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021 ഏപ്രിലിൽ എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യത്തിനായി മന്ത്രി രവി ശങ്കർ പ്രസദിനെയും ഇപ്പോഴത്തെ മന്ത്രി അശ്വനി വൈഷ്ണവിനെയും എംപി നിരവധി തവണ നേരിൽ കണ്ട് വിഷയത്തിൻറെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതി മണ്ഡലത്തിൽ പ്രാവർത്തികമാകുന്നത്.