കോതമംഗലം: മുഴുവൻ കുടുംബാംഗങ്ങളും എസ്എൻഡിപി യോഗത്തോടൊപ്പം ചേർന്ന് നിൽക്കേണ്ട കാലം അതിക്രമിച്ചെന്ന് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യോഗം പനങ്കര ശാഖ നിർമ്മിച്ച സപ്താഹ മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തെയും യോഗ നേതാക്കളെയും സമൂഹ മദ്ധ്യത്തിൽ മോശക്കാരാക്കാൻ വേണ്ടി ചില ആളുകൾ ശൃമിക്കുകയാണെന്നും യോഗത്തിൻ്റെയും യൂണിയനുകളുടെയും ശാഖകളുടെയും വസ്തുവകകൾ വിറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞ് കേസ് കൊടുക്കുകയും കൊടുത്ത എല്ലാ കേസുകളും പരാജയപ്പെടുകയും ചെയ്തിട്ടും വീണ്ടും കേസുകളുമായി പ്രസ്ഥാനത്തെ തകർക്കാനായി നടക്കുന്നവർക്ക് ശക്തമായ മറുപടി യോഗം പ്രവർത്തകരായ നിങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി പി.എ സോമൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ പ്രസിഡൻ്റ് ബിനീഷ് പുനത്തിൽ, സെക്രട്ടറി ഷാജൻ ഇടയ്ക്കാട്ട്, വൈസ് പ്രസിഡൻ്റ് സന്തോഷ് പുന്നയ്ക്കൽ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എം.ബി തിലകൻ, സെക്രട്ടറി സജി കെ.ജെ, സൈബർ സേന ജില്ല ചെയർമാൻ അജേഷ് തട്ടേക്കാട്, റ്റി.വി വിജയൻ, പി.കെ ദാസ് ,പുഷ്പ യശോധരൻ, മിഥുൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.