- ഷാനു പൗലോസ്
കോതമംഗലം: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള റമ്പാനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. തുടർ നടപടികൾ എറണാകുളം പോക്സോ കോടതിയിലാണ് നടക്കുന്നത്. ഉടൻ തന്നെ റമ്പാനെ അറസ്റ്റ് ചെയ്യുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുലഭിക്കുന്ന സൂചന.
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കോതമംഗലം താലൂക്കിലുള്ള കാതോലിക്കേറ്റ് സെന്ററിൽ ഹാശാ ശുശ്രൂഷകൾക്കായി എത്തിയ പത്തനംതിട്ട സ്വദേശിയായ റമ്പാന്റെ അടുത്ത് സഹായത്തിന് ചെന്ന രണ്ട് കുട്ടികൾക്ക് നേരെ താൻ ലൈംഗീകാതിക്രമം കാട്ടിയെന്ന് മാധ്യമ പ്രവർത്തകൻ സുനിൽ മാത്യുവിനോട് വെളിപ്പെടുത്തിയ സംസാരത്തിന്റെ തെളിവ് സഹിതം ഐ.ടു.ഐ ന്യൂസ് ചാനൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെയാണ് പോലീസ് പോക്സോ കേസെടുത്തത്.
ഇക്കഴിഞ്ഞ ഹാശാ ആഴ്ചയിൽ നടന്ന സംഭവത്തിനെതിരെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്ക മാത്യൂസ് മൂന്നാമന് പരാതി കൊടുത്തിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി ഇല്ലാതിരുന്നപ്പോഴാണ് വ്യക്തമായ തെളിവ് സഹിതം മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും, ചൈൽഡ് വെൽഫെയർ കമ്മിഷനും പരാതി നൽകിയത്.
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പുരോഹിത സ്ഥാനികൾ മൂലമുണ്ടാകുന്ന ലൈംഗിക പീഢനങ്ങളുടെ പേരിൽ സഭക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് വിഷയം ഒതുക്കി തീർക്കുവാൻ കോതമംഗലം സ്വദേശിയായ ഒരു റമ്പാനും, നേതൃത്വവും കിണഞ്ഞ് ശ്രമിച്ചിരുന്നെങ്കിലും പ്രമുഖ ന്യൂസ് ചാനലിലൂടെ ഇന്നലെ സംഭവം പുറത്തായതോടെ ഓർത്തഡോക്സ് സഭ വെട്ടിലാവുകയായിരുന്നു.
വിഷയം പുറത്തായതോടെ ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ഇന്നലത്തെ തിയതി വച്ച് ഇന്ന് ഉച്ച കഴിഞ്ഞപ്പോൾ റമ്പാനെ വൈദീക ശുശ്രൂഷയിൽ നിന്ന് വിലക്കി, മൂന്നംഗ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് മാത്യു മൂന്നാമൻ കാതോലിക്ക കല്പന ഇറക്കി.
പോക്സോ കേസിനെ കുറിച്ച് ലഭ്യമായ വിവരം എത്രയും വേഗം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണമെന്നാണ് ചട്ടമെങ്കിലും സഭാ നേതൃത്വം ഇത് വരെ അത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ല എന്നതും ഈ വിഷയത്തിൽ സഭയുടെ ഒളിച്ചുകളി വ്യക്തമാകുന്നതാണ്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇