കോതമംഗലം : അനധികൃത മണ്ണ്, മണൽ കടത്തിനെതിരെ ജില്ലയിൽ ശക്തമായ നടപടികളുമായി റൂറൽ ജില്ലാ പോലീസ്. പെരിയാറിന്റെ തീരങ്ങളിൽ പരിശോധന കർശനമാക്കും. മണൽ മണ്ണ് കടത്ത് തടയുന്നതിന് പട്രോളിംഗ് പ്രവർത്തനം കൂടുതൽ ശക്തമാക്കും. കൂടുതലായി ജീപ്പ് ബൈക്ക് പട്രോളിംഗ് സംഘങ്ങളെ നിയോഗിക്കും. 2023 ജനുവരി മുതൽ ജില്ലയിൽ അഞ്ച് സബ്ഡിവിഷനുകളിലായി മണ്ണ് മണൽ കടത്തുകളിൽ 273 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 6170294 രൂപ പിഴ ഈടാക്കി. ആലുവ സബ് ഡിവിഷനിൽ 34 കേസുകളിലായി 1149732 രൂപയും, മുനമ്പം സബ് ഡിവിഷനിൽ 16 കേസുകളിലായ 110000 രൂപയും. പെരുമ്പാവൂർ സബ് ഡിവിഷനിൽ 86 കേസുകളിലായി 2697500 രൂപയും, മുവാറ്റുപുഴ സബ് ഡിവിഷനിൽ 25 കേസുകളിലായി 581500 രൂപയും, പുത്തൻകുരിശ് സബ് ഡിവിഷനിൽ 112 കേസുകളിലായി 1631562 രുപയുമാണ് പിഴ അടപ്പിച്ചത്. അനധികൃതമായി കുന്നുകളും മലകളും ഇടിച്ചുനിരത്തി മണ്ണ് കടത്തുന്ന മണ്ണ് മാഫിയക്കെതിരെയും കർശന നടപടി സ്വീകരിക്കും.