കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ ശേഖരവും. പോത്താനിക്കാട് മേടാനപ്പിള്ളിൽ വീട്ടിൽ എബ്രഹാം പീറ്റർ ആണ് കൃഷിയിൽ ശ്രദ്ധേയനാകുന്നത് . ആകെയുള്ള 12 സെന്റിലാണ് നിറയെ പക്ഷികളും, ടെറസിന് മുകളിൽ ഒരിഞ്ച് പോലും പാഴാക്കാതെ ശാസ്ത്രീയമായ രീതിയിൽ പഴ വർഗ കൃഷിയുമൊരുക്കിയിരിക്കുന്നത്. മൂവാറ്റുപുഴയിൽ മാര്യേജ് ബ്യൂറോ നടത്തുന്ന എബ്രഹാമിന് ചെറുപ്പം മുതലേയുള്ള കമ്പമാണ് കൃഷിയും പക്ഷിവളർത്തലുമെല്ലാം. കച്ചവടം ഉദ്ദേശിച്ച് തുടങ്ങിയതല്ലെങ്കിലും വിപുലപ്പെടുത്തിയതോടെ പക്ഷികളെ തേടി പലരുമെത്തുന്നുണ്ട്. ഇത് വിജയിച്ചാൽ വിൽപന തുടങ്ങണമെന്നാണ് എബ്രഹാമിന്റെ ആഗ്രഹം.
35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോൺസ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രകാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്‌നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമൺ, ബാലി ചാമ്പ, വിഎൻആർ പേര, ആർക്കാ കിരൺ, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാല് വെറൈറ്റികൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമൺ, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ. വിവിധയിനം കൊനൂർ പക്ഷികളായ സൺ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴ വർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.
ചിത്രം : എബ്രഹാം പീറ്റര്‍ തന്റെ വീടിന്റെ മട്ടുപാവിലെ കൃഷിയിടത്തില്‍