കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്‌സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ