കോതമംഗലം : കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ചാലകശക്തിയാകേണ്ട ഊരംകുഴി – പ്ലാമൂടി റോഡ് ആണ് 5 വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്ത കിടക്കുന്നത്. 2018 ലാണ് കോതമംഗലം മണ്ഡലത്തിലെ ആദ്യ കിഫ്‌ബി പദ്ധതി എന്ന് കൊട്ടിയാഘോഷിച്ചുകൊണ്ടാണ് 16 കിലോമീറ്റർ റോഡ് 22.54 കോടി രൂപക്ക് പണി ആരംഭിക്കുന്നത്. കിഫ്‌ബി മാനദണ്ഡപ്രകാരം എത്രയും ദൂരം റോഡ് ഈ ഫണ്ടിൽ പണി പൂർത്തീകരിക്കുവാൻ സാധിക്കില്ല എന്ന കോൺട്രാക്ടറുടെ സമ്മർദ്ദത്തെത്തുടർന്ന് 10.76 കിലോമീറ്റർ മാത്രം ദൂരം വരുന്ന “ഇരുമലപ്പടി-പ്ലാമൂടി” റോഡിയായി സ്വപ്ന പദ്ധതി ചുരുങ്ങുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്. തുടർന്നാണ് അഞ്ചു വർഷങ്ങൾക്ക് മുൻപ് കിഫ്‌ബി മാനദണ്ഡപ്രകാരം പണി ആരംഭിച്ച റോഡ് എന്നും വിവാദക്കുഴികളിൽ വീഴുകയായിരുന്നു.
2018 യിൽ പണിയാരംഭിക്കുകയും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് രണ്ടു വർഷത്തോളം ഈ റോഡ് സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അവസ്ഥയിലുമായിരുന്നു. പൊടിയും ചെളിയും റോഡിലെ അപകടങ്ങളും മൂലം നാട്ടുകാർ സഹികെട്ടപ്പോൾ നടത്തിയ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് റോഡ് പണി പുനരാരംഭിച്ചത്. കിഫ്‌ബി മാനദണ്ഡങ്ങൾ കാറ്റിപ്പറത്തി നിലവാരമില്ലാത്ത പണിത റോഡ് മാസങ്ങൾക്കുള്ളിൽ പല ഭാഗങ്ങളിലും ഒലിച്ചു പോകുകയും കുഴികൾ രൂപപ്പെടുകയുമായിരുന്നു. നിർമ്മാണത്തിലെ നിലവാരമില്ലായ്‌മയെ തുടർന്ന് നാട്ടുകാർ നിരന്തരം പരാതികളും സമരങ്ങളും നടത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല എന്ന് വിജിലൻസിൽ പരാതി നൽകിയ സജിത്ത് ഹിലാരി ചൂണ്ടിക്കാണിക്കുന്നു.
കോതമംഗലം മണ്ഡലത്തിലെ സ്വപ്നപദ്ധതിയായ റോഡ് പണി പിന്നീട് കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടി കല്ലുമല കയറ്റത്തിൽ തട്ടി നിൽക്കുകയായിരുന്നു. റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന വീട്ടുകാരെ ഒഴിപ്പിക്കുവാൻ വന്ന കാലതാമസം മൂലം ഈ ഭാഗത്തെ റോഡ് നവീകരണത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. നിറയെ കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും ദുസ്സഹമായ റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് പേടിസ്വപ്നമായി മാറുകയായിരുന്നു. കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശത്തെ റോഡ് കൂടി തകർന്നതോടുകൂടി ബസ് സർവീസ് പലതും നിലക്കുകയും ചെയ്തത് മൂലം യാത്രാക്‌ളേശവും രൂക്ഷമായി. കിഫ്‌ബി മാനദണ്ഡപ്രകരം കല്ലുമല കയറ്റം കൂടി വീതികൂട്ടി ആദ്യഘട്ടം പൂർത്തീകരിച്ചാൽ മാത്രമേ രണ്ടാം ഘട്ടത്തിൽ ബി.സി ടാറിംഗ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. തന്മൂലം BMBC റോഡിന്റെ BM പോലും ഈ കഴിഞ്ഞ 4 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയാത്ത കേരളത്തിലെ ഏക റോഡ് എന്ന അവമതിയിലേക്ക് പ്രവേശിക്കുകയാണ് കോതമംഗലം മണ്ഡലത്തിലെ ആദ്യ കിഫ്‌ബി റോഡ്.
പൊതുമരാമത്ത് മന്ത്രിയുടെ PWD റിങ്‌റോഡ് പ്രോഗ്രാമിൽ 2022 ഓഗസ്റ്റ് മാസം 17 ആം തിയതി മന്ത്രിയോട് നാട്ടുകാർ പരാതി അറിയിച്ചെങ്കിലും (complaint number 24262)ഇതുവരെ ഒരു അനക്കവും സംഭവിച്ചട്ടില്ല എന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു, കാർഷിക ഗ്രാമമായ കോട്ടപ്പടി നിവാസികൾ പ്രതീക്ഷയോടെ 2023 നെ വരവേൽക്കുന്നതിനൊപ്പം പണിതീരാത്ത റോഡിൻറെ 5 ആം വാർഷികം ആഘോഷിക്കേണ്ട ഗതികേടിലുമാണ്.