കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡും വോക്കാഡ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് പദ്ധതി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. കോതമംഗലം പോലൊരു ഗ്രാമീണ മേഖലയ്ക്ക് ഈ പദ്ധതി ഏറെ ഉപകാരം ചെയ്യുമെന്ന് കളക്ടർ പറഞ്ഞു. ജനങ്ങൾ പരമാവധി ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും യഥാർത്ഥ ആവശ്യക്കാരിലേക്ക് ഈ സേവനം എത്തിക്കാൻ അധികൃതർ ശ്രമിക്കണമെന്നും കളക്ടർ പറഞ്ഞു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, പെട്രോനെറ്റ് പ്ലാന്റ് മേധാവി യോഗാനന്ദ റെഡ്ഢി, സീനിയർ മാനേജർ ( സി.എസ്.ആർ) ആഷിഷ് ഗുപ്‌ത, ഫിനാൻസ് മാനേജർ വിഷ്ണു നമ്പൂതിരി, എച്ച്. ആർ മാനേജർ കെ.എസ് ഭരത്, മൊബൈൽ മെഡിക്കൽ യൂണിറ്റ് ഡോക്ടർ സുനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.