പൈങ്ങോട്ടൂർ : ബാഡ്മിന്റൺ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി ഉണ്ടാക്കപ്പെട്ട ആധുനിക രീതിയിലുള്ള ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്‌ഘാടനം പൈങ്ങോട്ടൂരിൽ നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്‌ഘാടനം മുവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടൻ നിർവഹിച്ചു. പൈങ്ങോട്ടൂർ ബാഡ്മിന്റൺ അക്കാദമി എന്ന പേരിലുള്ള ഈ കൂട്ടായ്മ നാടിന് നല്ലൊരു മുതൽക്കൂട്ടാകുമെന്നും കൂടുതൽ യുവാക്കളെ കളിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും എം.എൽ .എ അഭിപ്രായപ്പെട്ടു.
ബാഡ്മിന്റൺ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനോടൊപ്പം കുട്ടികൾക്കായുള്ള കോച്ചിങ് ക്യാമ്പുകളും നടത്തുവാനും പൈങ്ങോട്ടൂർ ബാഡ്മിന്റൺ അക്കാദമി പദ്ധതിയിടുന്നു. സാലി ഐപ്, ആനീസ് ഫ്രാൻസിസ്, നൈസ് എൽദോ, സന്തോഷ് ജോർജ്, വിൻസൻ ഇല്ലിക്കൽ, സണ്ണി കാഞ്ഞിരത്തിങ്കൽ, സാബു മത്തായി, ലുഷാദ് ഇബ്രാഹിം, വിൻസെന്റ് മേക്കുന്നേൽ, മാണി പിട്ടാപ്പിള്ളിൽ, സൈജൻ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. പൈങ്ങോട്ടൂർ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് ബിബിൻ ഫ്രാങ്ക് സ്വാഗതവും , ജോയിന്റ് സെക്രട്ടറി ഡോ.ജിൻസ് ജോർജ് നന്ദിയും പറഞ്ഞു. ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം പ്രൊഫഷണൽ കളിക്കാരുടെ ഷോ മാച്ച് നടത്തപ്പെടുകയും വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിക്കുകയും ചെയ്തു.