കോതമംഗലം: അറുപതിനായിരം കോടി ഡോളറിന്റെ സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായി മദ്രാസ് ഐ.ഐ.ടി. യിലെ പ്രൊഫ. ഡോ. ദിലീപ് ആര്‍ നായര്‍ അഭിപ്രായപ്പെട്ടു. മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് അടിസ്ഥാനമാക്കിയുള്ള ഓസിലേറ്ററുകള്‍ പരമ്പരാഗത രീതിയിലുള്ള ക്വാര്‍ട്‌സ് ക്രിസ്റ്റല്‍ ഓസിലേറ്ററുകളെ പിന്തള്ളുന്ന കാലം വിദൂരമല്ല. റേഡിയോ ഫ്രീക്വന്‍സി മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് ഓസിലേറ്ററുകളുടെ പ്രൊട്ടോടൈപ്പ് മോഡലുകളുടെ നിര്‍മ്മാണ വഴിയിലാണ് മദ്രാസ് ഐ.ഐ.ടി. യിലെ ഗവേഷണ സംഘമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഓസിലേറ്ററുകളുടെ ഡിസൈന്‍, മോഡലിംഗ്, നിര്‍മ്മാണം, ടെസ്റ്റിംഗ് എന്നിവയുടെ വിവിധ പടവുകളെ കുറിച്ച് അദ്ദേഹം വിശദമായി ക്ലാസ്സെടുത്തു.
കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘വജ്ര മേസ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ ‘വജ്ര മേസ്’ കാണുവാന്‍ ദിനം പ്രതി ആയിരങ്ങള്‍ ആണ് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലേക്കെത്തിച്ചേര്‍ന്നത്. അത്ഭുതവും ഒപ്പം ആകാംഷയും നിറഞ്ഞ മനസ്സുമായിട്ടാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ ഈ പ്രദര്‍ശനങ്ങള്‍ കണ്ട് മടങ്ങുന്നത്. പ്രദർശനം നാളെ ശനിയാഴ്ച്ച സമാപിക്കും.