കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ചിരിക്കുന്ന പച്ചക്കറിതോട്ടത്തിലാണ് കൃഷി രീതികൾ ഹൈ ടെക് ആക്കിയത്.ആധുനിക കൃഷി പരിപാലന രീതികളായ ഡ്രിപ് ഫെർട്ടിഗെഷനും, പ്ലാസ്റ്റിക് പുതയിടലും കോളേജ് നടപ്പിലാക്കി. കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘വിളവ് ‘ പദ്ധതിയുടെ ഭാഗമായിട്ടാണ് കോളേജിലെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവിടെയാണ് ഇത് നടപ്പിലാക്കിയത്.ഒരു പച്ചക്കറി തൈക്ക് വേണ്ട വെള്ളത്തിന്റെയും, വളത്തിന്റെയും അളവ് കൃത്യമായി നിർണ്ണയിച്ചു, അത്രയും വെള്ളവും, വളവും മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന ആധുനിക രീതിയാണിത്. മണ്ണിലെ ജലം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനാണ് പ്ലാസ്റ്റിക് പുതയിടൽ നടത്തുന്നത്.
കാലാവസ്ഥക്കെടുതികൾ വർധിക്കുന്ന സാഹചര്യത്തിൽ വലിയ കൃഷിയിടങ്ങളിൽ മാത്രമല്ല, ചെറിയ അടുക്കളത്തോട്ടങ്ങളിൽപോലും തുള്ളിനനയ്ക്ക് പ്രസക്തിയേറെയാണ്.നീളത്തിൽ വരമ്പുകൾ നിർമ്മിച്ച് അതിന് മുകളിലായി അനുവദനിയമായ കനത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കൃത്യമായ അകലത്തിൽ സുക്ഷിരങ്ങൾ നിർമിച്ച് തൈകൾ നടാനുള്ള സംവിധാനമാണ് പ്ലാസ്റ്റിക് പുതയിടൽ. മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ ജലത്തെ മണ്ണിൽ പിടിച്ചു നിർത്താനും,മണ്ണിൽ ദോഷകാരികളായ സൂക്ഷ്‌മണുക്കളുടെ വളർച്ച കുറക്കാനും, മഴ വെള്ളത്തിൽ മണ്ണും, വളവും ഒലിച്ചു പോകാതിരിക്കാനും, കള നിയന്ത്രണത്തിനും വളരെ ഫല പ്രദമാണ് പ്ലാസ്റ്റിക് പുത.ജലവും, വളവും മാത്രമല്ല സമയവും, അധ്വാനവും ലാഭിക്കാൻ സഹായകമായ ഇത്തരം ആധുനിക കൃഷി സമ്പ്രദായങ്ങളെകുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ഈ കൃഷി രീതികൾ കൊണ്ട് കോളേജ് ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് പറഞ്ഞു.ജലം മാത്രമല്ല, സമയവും, അധ്വാനവും ലാഭിക്കാൻ സഹായകമായ ഇത്തരം തുള്ളിനന സംവിധാനങ്ങൾ പാർട് ടൈം കർഷകരേറെയുള്ള കേരളത്തിന് ഏറെ യോജ്യമാണ്.
ചെറുടാങ്കുകളിൽനിന്നു ഗ്രോബാഗിലും, ബെഡുകളിലുമൊക്കെ വളരുന്ന പച്ചക്കറിവിളകളുടെ ചുവട്ടിലേക്ക് കുഴലുകളിലൂടെ വെള്ളമെത്തിക്കുന്ന രീതിയാണ് ഡ്രിപ് ഇറിഗേഷൻ അഥവ തുള്ളി നന.വെള്ളത്തോടൊപ്പം പോഷകങ്ങളും മറ്റും കലർത്തി നൽകുകയും ചെയ്യും.വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന വളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
എം. എ. ആർട്സ് & എഞ്ചിനീറിങ് കോളേജുകളിലെ നേച്ചർ ക്ലബും , എൻ എസ് എസ് യൂണിറ്റും,കോതമംഗലം കൃഷി വകുപ്പും സംയുക്തമായാണ് ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തുന്നത് .വെണ്ട, വഴുതന, പാവൽ, പയർ, പടവലം, ചീര, തക്കാളി, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.കോളേജിലെ നേച്ചർ ക്ലബ് &എൻ എസ് എസ് വിദ്യാർത്ഥികളും,പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. മേരിമോൾ മൂത്തേടൻ, ഡോ. അൽഫോൻസാ സി. എ, ഡോ. എൽദോസ് എ.വൈ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.