കോതമംഗലം : ഡോ.ടോണി ഡാനിയേൽ മെമ്മോറിയൽ 66- മത് എറണാകുളം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി ചാമ്പ്യൻമാരായി.54 സ്വർണ്ണം,36 വെള്ളി,19 വെങ്കലം എന്നിവ നേടി 655 പോയിന്റുമായിട്ടാണ് എം. എ. അക്കാദമി ജില്ലാ അത്‌ലറ്റിക് മീറ്റിൽ കായിക രാജാക്കന്മാരായത്. എം. എ.കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ വ്യാഴം, വെള്ളി രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. ആദ്യ ദിനത്തിൽ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലം എം. എ. സ്പോട്സ് അക്കാദമി കുതിപ്പ് തുടങ്ങിയിരുന്നു .
394 പോയിന്റ് നേടിയാണ് എം. എ. അക്കാദമി ആദ്യ ദിനത്തിൽ തന്നെ മുന്നേറ്റം തുടങ്ങിയത് .28 സ്വർണ്ണം,24 വെള്ളി,21 വെങ്കലം എന്നിവ നേടി 487പോയിന്റ്മായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിനാണ് രണ്ടാം സ്ഥാനം.177 പോയിന്റ് നേടി അങ്കമാലി, മൂക്കന്നൂർ ഷോഹ്സ് സ്പോർട്സ് അക്കാദമിക്കാണ് മൂന്നാം സ്ഥാനം.4 സ്വർണ്ണം,8 വെള്ളി,14 വെങ്കലം എന്നിവയാണ് മൂക്കന്നൂർ നേടിയത്.121.5 പോയിന്റ് മായി എറണാകുളം, തേവക്കൽ വിദ്യോദയ സ്കൂൾ നാലാം സ്ഥാനത്തുമാണ്.4 സ്വർണം,2 വെള്ളി,8 വെങ്കലം എന്നിവ നേടി.എറണാകുളം ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 ൽ അധികം ക്ലബ്ബുകളാണ് ഈ മീറ്റിൽ പങ്കെടുത്തത്.
