കോതമംഗലം: കോതമംഗലം ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെ മനപൂർവ്വമായ അനാസ്ഥയും, അവഗണനയും മൂലം മുൻസിപ്പൽ രണ്ടാം വാർഡിലെ കുടുംബശ്രീ യോഗവും, ഓണാഘോഷവും അലങ്കോലപ്പെട്ടതായി പരാതി.
വർഷങ്ങളായി ബ്ലോക്ക് ഓഫീസ് നിലകൊള്ളുന്ന രണ്ടാം വാർഡിലെ വാർഡ് സഭകൾ,കുടുംബശ്രീ യോഗങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാം നടത്തിവരുന്നത് ബ്ലോക്ക് ഓഫീസ് വക ഹാളിലാണ്. രണ്ടാം വാർഡിൽ കമ്മ്യൂണിറ്റി ഹാൾ ഇല്ലാത്തതുകൊണ്ടും, വാർഡിൽ തന്നെയുള്ള ബ്ലോക്ക് ഓഫീസ് ബിൽഡിങ്ങിൽ ഒന്നിലധികം ഹാളുകൾ ഉള്ളതുകൊണ്ടുമാണ് ഇപ്രകാരം ചെയ്തിരുന്നത്. വാർഡ് കൗൺസിലറുടെ കത്ത് പ്രകാരം ഹാൾ വിട്ടുകൊടുക്കുകയായിരുന്നു പതിവ്.
പതിനെട്ടാം തീയതി ഞായറാഴ്ച കുടുംബശ്രീ യോഗത്തിന് ഹാൾ വിട്ടു തരണമെന്ന് കാണിച്ച് പതിവുപോലെ കൗൺസിലർ കത്ത് നൽകിയെങ്കിലും മുനിസിപ്പൽ സിഡിഎസിന്റെ കത്ത് മെയിൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാൽ അതും ചെയ്തിരുന്നു. എന്നാൽ മെയിലിൽ കത്ത് കിട്ടിയില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഹാൾ വിട്ടു നൽകാൻ കൂട്ടാക്കിയില്ല. അതുമൂലം നേരത്തെ അറിയിച്ച പ്രകാരം യോഗത്തിന് എത്തിയവർ ഓഫീസ് മുറ്റത്ത് വെയിലേറ്റ് നിന്നുകൊണ്ട്, യോഗം കൂടാൻ സാധിക്കാതെ ഓണാഘോഷം മാത്രം നടത്തി മടങ്ങി പോയിട്ടുള്ളതാണ്. ബി ഡി ഒ -യെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മുൻവിധിയോടെയാണ് അദ്ദേഹവും സംസാരിച്ചത്.
ബ്ലോക്ക് ഓഫീസ് സമുച്ചയത്തിൽ എംഎൽഎ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് പണിതിട്ടുള്ള ഒന്നിലധികം ഹാളുകൾ വെറുതെ കിടന്നിട്ടും, അവധി ദിനം ആയിട്ടും പതിവിന് വിപരീതമായി ഹാൾ വിട്ടു നൽകാതിരുന്നത് ജീവനക്കാരുടെ ഗൂഢാലോചനയുടെ ഫലമാണെന്നും, സ്വന്തം വാർഡിൽ സർക്കാർ ഹാൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ പിടിവാശിയും ദുശാഠ്യവും മൂലം ഔദ്യോഗിക പരിപാടികൾ സ്വകാര്യയിടങ്ങളിൽ വാടക നൽകി നടത്തേണ്ടി വന്നാൽ ഖജനാവിന് നഷ്ടം വരും എന്നതുകൊണ്ട് ഇതിനെതിരെ പരാതി നൽകുമെന്ന് വാർഡ് കൗൺസിലർ അഡ്വക്കേറ്റ് ജോസ് വർഗീസ് പറഞ്ഞു. മുൻസിപ്പൽ സിഡിഎസ് ചെയർപേഴ്സൺ സാലി വർഗീസ്, വാർഡ് സിഡിഎസ് മെമ്പർ ഗീതാ മണി, റോസിലി ജോസ്, ഡെയ്സി ജോയ്,ചിത്ര സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.